Faith And Reason - 2025

450 തെരുവു കുട്ടികളെ തിരുസഭയിലേക്ക് സ്വീകരിക്കാന്‍ ഫിലിപ്പീന്‍സ് കർദ്ദിനാൾ

സ്വന്തം ലേഖകന്‍ 22-09-2019 - Sunday

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ദരിദ്രരായ കുട്ടികളെ പരിപാലിക്കുന്ന ടുലൈങ് കബട്ടാൻ എന്ന സർക്കാരിതര സംഘടന സംരക്ഷിക്കുന്ന 450 തെരുവു കുഞ്ഞുങ്ങള്‍ക്ക് ആർച്ച് ബിഷപ്പ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ ജ്ഞാനസ്നാനം നല്‍കും. സെപ്റ്റംബർ 28നു മനിലയിലെ അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലായിരിക്കും ജ്ഞാനസ്നാന കർമ്മം നടക്കുക. സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഫാ. മാത്യു ഡൗഷസും, മറ്റ് പത്ത് വൈദികരും, അന്നേ ദിവസം കർദ്ദിനാൾ അർപ്പിക്കുന്ന ബലിയിൽ സഹകാർമികരാകും.

പണം നൽകാൻ സാധിക്കാത്തതിനാൽ, കൂദാശകളിൽ നിന്നും കൃപ ലഭിക്കില്ല എന്ന തെറ്റായ ചിന്താഗതി ഫിലിപ്പീൻസിലെ ദരിദ്രര്‍ക്കിടയില്‍ വ്യാപകമായതിനാല്‍ ടുലൈങ് കബാട്ടാൻ സംഘടനയോട് ഒത്തൊരുമിച്ച് പ്രസ്തുത ചിന്താഗതി മാറ്റാനാണ് അതിരൂപത ശ്രമിക്കുന്നത്. കൂദാശകൾക്ക് പണം നൽകേണ്ടങ്കിലും, അതിന് പണം നൽകേണ്ടതുണ്ടെന്ന ധാരണ പലർക്കുമുണ്ടെന്ന് ടുലൈങ് കബട്ടാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

1998 മുതൽ ടുലൈങ് കബട്ടാൻ സംഘടന ഫിലിപ്പീൻസിൽ പാവപ്പെട്ടവരെ സഹായിക്കുന്നതിൽ സജീവ സാന്നിധ്യമാണ്. തെരുവു കുട്ടികൾക്കും, വൈകല്യമുള്ളവർക്കും മറ്റുമായി അഞ്ചോളം പദ്ധതികളാണ് സംഘടന രൂപപ്പെടുത്തിയെടുത്തത്. തെരുവിൽ ഉപേക്ഷിക്കപെട്ട വൃദ്ധർക്കും സംഘടന സഹായം നൽകിവരുന്നുണ്ട്. കഴിഞ്ഞ 21 വർഷത്തിനിടയിൽ, 55000 കുട്ടികളെയാണ് ടുലൈങ് കബാട്ടാൻ സഹായിച്ചത്. സംഘടനയുടെ സഹായം സ്വീകരിച്ചവരിൽ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഡാർവിൻ റാമോസും ഉൾപ്പെടുന്നു.

More Archives >>

Page 1 of 13