Faith And Reason - 2025
പതിവിന് മാറ്റമില്ല: തിരുനാൾ ദിനത്തിൽ ജാനുയേരിയസിന്റെ രക്തക്കട്ട രക്തമായി മാറി
സ്വന്തം ലേഖകന്‍ 20-09-2019 - Friday
നേപ്പിൾസ്: മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ച അത്ഭുതത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട ശാസ്ത്രത്തെ വീണ്ടും അമ്പരിപ്പിച്ചു വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ വീണ്ടും രക്തമായി അലിഞ്ഞു. കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പേയാണ് ആയിരങ്ങള്‍ക്ക് മുന്നില്‍ അത്ഭുത വിവരം സ്ഥിരീകരിച്ചത്. രാവിലെ പത്തു മണിയോടു കൂടിയാണ് അത്ഭുതം നടന്നത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ചയാളാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.