Faith And Reason - 2025
ക്രൂര മര്‍ദ്ദനമേറ്റ് ചോര വാര്‍ന്നപ്പോഴും യേശുവിനെ സ്തുതിച്ച് വൃദ്ധ സുവിശേഷ പ്രഘോഷകന്‍
സ്വന്തം ലേഖകന്‍ 12-11-2019 - Tuesday
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സുവിശേഷം പ്രഘോഷിച്ച വയോധികനായ വചന പ്രഘോഷകനു ക്രൂര മര്‍ദ്ദനം. ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിന് സമീപം ന്യൂയോര്‍ക്ക് സിറ്റി ട്രെയിനില്‍വെച്ചു ഭിന്നലിംഗക്കാരിയായ സ്ത്രീയാണ് ഹൈഹീല്‍ ചെരുപ്പു ഉപയോഗിച്ച് വൃദ്ധനെ ആക്രമിച്ചത്. ആക്രമണത്തില്‍ തല പൊട്ടി ചോര ഒലിപ്പിച്ചു നില്‍ക്കുന്ന എഴുപത്തിയൊന്‍പതുകാരന്റെ വേദനാജനകമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഹൃദയഭേദകമായ കാഴ്ച എന്നാണ് പലരും സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ @f.u.n.m.i.k.e എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈവവചനം പ്രഘോഷിക്കുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കരുതുന്ന ഒരു കൂട്ടം ആളുകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരെയും മുറിവേല്‍പ്പിക്കുന്ന ഒന്നും തന്നെ അയാള്‍ പറഞ്ഞിട്ടില്ലെന്നു സംഭവത്തിന് സാക്ഷ്യം വഹിച്ച വ്യക്തി പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. മുറിവേറ്റു ചോര പൊടിയുമ്പോഴും അദ്ദേഹം യേശുവിന് നന്ദി പറയുന്നതു വീഡിയോയില്‍ കാണാം.
‘വൃദ്ധനായ ആ മനുഷ്യന്‍ സുവിശേഷ ഗാനങ്ങള്‍ പാടുകയും ദൈവവചനം പങ്കുവെക്കുകയുമായിരുന്നു ചെയ്തത്. ആരെയും വേദനിപ്പിക്കുന്ന തരത്തിലോ, ഉച്ചത്തിലോ അല്ലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അതിനു പകരം അദ്ദേഹത്തിനു ലഭിച്ചത് ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകൊണ്ടുള്ള മര്‍ദ്ദനമായിരുന്നു. അദ്ദേഹത്തിന്റെ ബൈബിള്‍ വലിച്ചെറിയുകയും ചെയ്തു. ചോര ഒലിപ്പിച്ചു നില്‍ക്കുന്ന ആ മനുഷ്യന് വേണ്ടി ആരും ഒന്നും ചെയ്തില്ല’. പോസ്റ്റില്‍ പറയുന്നു.
പ്രായം ചെന്ന ആ മനുഷ്യന് നേരിടേണ്ടി വന്നത് ന്യായീകരിക്കുവാന്‍ കഴിയില്ലെന്നും, അക്രമം ഒന്നിനും പരിഹാരമല്ലെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അതേസമയം അക്രമം നടത്തിയ സ്ത്രീക്ക് വേണ്ടിയുള്ള അന്വേഷണം ന്യൂയോര്‍ക്ക് പോലീസ് ആരംഭിച്ചുകഴിഞ്ഞു. ഇതിനു മുന്‍പും ന്യൂയോര്‍ക്കില്‍ തെരുവ് സുവിശേഷപ്രഘോഷകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
