News

നീ നിന്റെ സഹോദരന്റെ കാവല്‍ക്കാരന്‍: ദയാവധം കരുതികൂട്ടിയുള്ള കൊലപാതകം തന്നെ

സ്വന്തം ലേഖകന്‍ 12-05-2016 - Thursday

കോട്ടയം: ജീവന്റെ ഉടയവനും ദാതാവും സംരക്ഷകനും പരിപാലകനും ദൈവമാണ്. ഇക്കാരണത്താല്‍ തന്നെ നിയമവിധേയമായോ അല്ലാതെയോ ആരുടെയും ജീവന്‍ എടുക്കുവാന്‍ മനുഷ്യന് അവകാശമില്ല. പലകാരണങ്ങളാലും സൃഷ്ടിയുടെ ആരംഭം മുതല്‍ തന്നെ മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തിയിരുന്നതായി നമുക്കു വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. ഹാബേലിനെ സ്വന്തം സഹോദരന്‍ കയീന്‍ കൊലപ്പെടുത്തുന്നു. ദൈവം ഹാബേലിന്റെ ബലി സന്തോഷപൂര്‍വ്വം സ്വീകരിച്ചുവെന്ന കാരണത്താലാണിത്. അവിടെ തുടങ്ങുന്നു മനുഷ്യന്‍ മനുഷ്യന്റെ ജീവനെ നശിപ്പിക്കുന്ന ചരിത്രം.

പുതിയ കാലത്തിലും കൊലപാതകങ്ങള്‍ പലവിധത്തിലും തുടരുന്നു. മോഷ്ടിക്കുവാന്‍ വേണ്ടിയും, മാനഭംഗത്തിനു വേണ്ടിയും, തര്‍ക്കങ്ങളില്‍ ദേഷ്യം തീര്‍ക്കുവാനായും, രാഷ്ട്രീയ കളികളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാനാന്‍, തുടങ്ങി കൊലപാതകത്തിന്റെ കാരണങ്ങളുടെ പട്ടിക അവസാനമില്ലാതെ നീളുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതു ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന് ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയെന്നു കരുതുക. കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. പകരം സംസ്ഥാന സര്‍ക്കാരാണു കേസ് ഫയല്‍ ചെയ്യുന്നത്. സ്റ്റേറ്റിന്റെ പരാതി തങ്ങളുടെ ഒരു പൗരന്റെ ജീവിക്കുവാനുള്ള അവകാശത്തെ മറ്റൊരാള്‍ കവര്‍ന്നെടുത്തുവെന്നതാണ്.

എന്നാല്‍ പുതിയ നിയമനിര്‍മാണം നടപ്പിലായാല്‍ വേലി തന്നെ വിളവു തിന്നുന്ന അസ്ഥയാണ്. ദയാവധം അനുവദിക്കുവാനുള്ള ശുപാര്‍ശകളാണു സംസ്ഥാനങ്ങളോടു നിര്‍ദേശിക്കുവാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

ദയാവധം അനുവദിക്കുകയെന്ന ആവശ്യം ഭാരതത്തില്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങിയത് ബലാല്‍സംഘത്തിനിരയായി കോമാ സ്‌റ്റേജിലേക്കു മാറിയ അരുണ ഷാന്‍ബാഗിന്റെ ദുരന്തമാണ്. 42 വര്‍ഷം അരുണ കട്ടിലില്‍ തന്നെ കിടന്നു. പരസഹായമില്ലാതെ ഒരു പ്രവര്‍ത്തിയും ചെയ്യുവാന്‍ അരുണയ്ക്കു സാധിച്ചിരുന്നില്ല. അരുണ ഇനി ജീവിതത്തിലേക്കു മടങ്ങിവരില്ലെന്നും അതിനാല്‍ തന്നെ മരുന്നുകള്‍ കുത്തിവച്ച് അരുണയെ കൊലപ്പെടുത്തണമെന്നും മാധ്യമപ്രവര്‍ത്തകയും അരുണയുടെ കഥ ലോകത്തോടു പറഞ്ഞ പിങ്കി വിരാനി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിങ്കിയുടെ ഹര്‍ജി കോടതി തള്ളി.

ഉത്തരവില്‍ ഭാരതത്തിന്റെ പരമ്മോന്നത നീതിപീഠം പറയുന്ന വിധിന്യായത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. "അരുണയ്ക്കു മരിക്കണമെന്ന താല്‍പര്യം ഉണ്ടോയെന്നറിയുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അരുണയെ 42 വര്‍ഷത്തോളമായി പരിചരിക്കുന്ന അവരുടെ തന്നെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നഴ്‌സുമാര്‍ക്ക് ഇത്തരത്തില്‍ ഒരാവശ്യമില്ല. അരുണയെ പരിചരിക്കുവാന്‍ അവര്‍ക്കു സന്തോഷമേ ഉള്ളു. അരുണയെ ദയാവധത്തിനു വിധിച്ചാല്‍ അവരുടെ സേവനങ്ങള്‍ക്ക് എന്തു വില". സുപ്രീം കോടതി ചോദിക്കുന്നു.

കോടതിയുടെ വാക്കുകള്‍ അരുണയെ സ്‌നേഹിക്കുകയും അരനൂറ്റാണ്ടോളം സേവിക്കുകയും പരിചരിക്കുകയും ചെയ്ത നഴ്‌സുമാര്‍ ആഹ്ലാദത്തോടെയാണു കൊണ്ടാടിയത്. 2015 മേയ് മാസമാണു അരുണ ഷാന്‍ബാഗ് അന്തരിച്ചത്. വായനക്കാരാ ശ്രദ്ധിക്കൂ...2011-ല്‍ കോടതി ദയാവധത്തിന് അരുണയെ വിധിച്ചിരുന്നുവെങ്കില്‍ ദൈവം അരുണയ്ക്കു വീണ്ടും ഭൂമിയില്‍ ജീവിക്കുവാന്‍ നല്‍കിയ നാലു വര്‍ഷങ്ങള്‍ക്ക് ആരാണ് ഉത്തരം പറയേണ്ടത്?. ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നതിനെയല്ലേ കൊലപാതകം എന്നു പറയുന്നത്. അങ്ങനെയെങ്കില്‍ ദയാവധം എന്താണ്?.

ദയാവധം നിയമവിധേയമാക്കുവാന്‍ തല്‍പര്യപ്പെടുന്ന സര്‍ക്കാരുകളാണു മുമ്പു ഭ്രൂണഹത്യക്കും അനുമതി നല്‍കിയതെന്ന കാര്യവും ഓര്‍ക്കണം. അമ്മയുടെ ജീവനു ഭീഷണിയുണ്ടാകുമെന്ന സാഹചര്യത്തില്‍ മാത്രം അനുവദിച്ചു നല്‍കിയിരിക്കുന്ന ഭ്രൂണഹത്യ ഇപ്പോള്‍ ആരുടെ ജീവനാണു ഭീഷണിയായിരിക്കുന്നത്. ഭൂമിയില്‍ ജനിക്കേണ്ടിയിരുന്ന കോടാനുകോടി പെണ്‍കുഞ്ഞുങ്ങള്‍ ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ കശക്കിയെറിയപ്പെട്ടു. ആണ്‍കുഞ്ഞുങ്ങളുടെയും സ്ഥിതിയും മറിച്ചല്ല. ഇപ്പോള്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ 'ബേഠി ബച്ചാവോ ബേഠി പഠവോ' എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാരിനു തന്നെ ഇറങ്ങേണ്ടി വന്നിരിക്കുന്നു. പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുവാന്‍. ദയാവധം നിയമവിധേയമാകുന്നതോടെ മരണശേഷം ലഭിക്കേണ്ട സ്വത്തുകള്‍ക്കു വേണ്ടി മുന്‍കുട്ടി പലരും പലരേയും കൊലപ്പെടുത്തും. കാരണം നിയമ പിന്തുണയുണ്ടല്ലോ ഇതിനെല്ലാം.

കന്നുകാലികളെ വധിക്കുവാന്‍ നിയമം അനുവദിക്കാത്ത പല സംസ്ഥാനങ്ങളും ഇന്നു ഭാരതത്തിലുണ്ട്. രോഗം വന്ന കന്നുകാലികള്‍ വഴിയില്‍ തനിയെ ചത്തുവീഴും. ആരും അതിന്റെ കഴുത്തില്‍ കത്തിവയ്ക്കില്ല. എന്തേ മനുഷ്യജീവനു മൃഗത്തേക്കാളും വിലയില്ലാതെ പോയി. ആരുടെ താല്‍പര്യങ്ങളാണു ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്.

ഇനി രക്ഷപെടുകയില്ല...ഇങ്ങനെ കിടക്കും...വര്‍ഷങ്ങളോളം...ഇതാണ് മരണവിധിക്കുള്ള മൂന്നു വാചകങ്ങള്‍...ബൈബിളിലേക്കു വീണ്ടും കടന്നു വരാം...ബെഥാന്യയിലേക്കു നമുക്കു നടന്നു പോകാം...യേശു സ്‌നേഹിച്ചിരുന്ന മാര്‍ത്തയുടേയും മറിയയുടേയും ലാസറിന്റെയും ഭവനത്തിന്റെ പരിസരങ്ങളില്‍ ചെന്നു നില്‍ക്കാം...മരിച്ച ലാസര്‍ ഉയര്‍ക്കുമെന്നു ആരാണു വിശ്വസിച്ചിരുന്നത്. ലാസറേ ഇറങ്ങിവരിക എന്ന ക്രിസ്തു ശബ്ദം കേട്ടപ്പോള്‍ തന്നെ ലാസര്‍ മരണത്തില്‍ നിന്നും ഉണര്‍ന്നു. കേരളത്തില്‍ തന്നെ എത്രയോ ധ്യാന മന്ദിരങ്ങളില്‍ വര്‍ഷങ്ങളോളം കിടപ്പു രോഗികളായവര്‍ക്കു ദൈവം സൗഖ്യം നല്‍കുന്നുവെന്ന കാര്യം വിസ്മരിക്കരുത്. വിലമതിക്കുവാനാകാത്ത ജീവന്റെ സംരക്ഷകരും പരിചാരകരുമായി നമുക്കും മാറാം. നാം നമ്മുടെ സഹോദരങ്ങളുടെ കാവല്‍ക്കാരാണ്.


Related Articles »