Youth Zone

ഐ‌എസ് കൈയടക്കിയിരിന്ന മൊസൂളിലെ ക്രിസ്ത്യന്‍ ദേവാലയം വൃത്തിയാക്കി മുസ്ലീം യുവാക്കളുടെ മാതൃക

പ്രവാചക ശബ്ദം 31-10-2020 - Saturday

മൊസൂള്‍: മതപീഡനത്തിന്റെ കഥകള്‍ മാത്രം പുറത്തുവന്നുകൊണ്ടിരുന്ന ഇറാഖില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ലീം മതസൗഹാര്‍ദ്ദത്തിന്റെ വാര്‍ത്ത. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് ഭവനരഹിതരാക്കപ്പെട്ട ക്രൈസ്തവ സഹോദരീ സഹോദരന്‍മാര്‍ക്ക് സ്വന്തം ഭവനങ്ങളിലേക്ക് തിരികെ വരുന്നതിന് പ്രോത്സാഹനമേകുവാനായി ഇറാഖിലെ “മൊസൂള്‍ സവാദ്” സംഘടനയിലെ മുസ്ലീം സന്നദ്ധപ്രവര്‍ത്തകരാണ് മൊസൂളിലെ മാര്‍ ടോമാ (സെന്റ്‌ തോമസ്‌) സിറിയക് കത്തോലിക്കാ ദേവാലയം വൃത്തിയാക്കി സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത്.

ഇറാഖിലെ പുരാവസ്തു പൈതൃക സ്ഥലങ്ങളേയും, സാംസ്കാരിക കേന്ദ്രങ്ങളേയും യുദ്ധം മൂലമുണ്ടായ അവശിഷ്ട്ടങ്ങളില്‍ നിന്ന് മുക്തമാക്കി പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുവാനും ഭവനരഹിതരായവരെ തിരികെ കൊണ്ടുവരുവാനുമുള്ള ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ ദേവാലയം വൃത്തിയാക്കിയത്. മൊസൂള്‍ നഗരത്തിലെ മാനവിക, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങള്‍ കൈകോര്‍ത്തിരിക്കുകയാണെന്നു ദേവാലയത്തിന്റെ ചുമതലക്കാരനായ ഫാ. റായെദ് ആദേല്‍ ‘24 ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു.

ഭാരതത്തിലടക്കം ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള മാര്‍ ടോമാ ദേവാലയം 1863-ലാണ് പണികഴിപ്പിക്കുന്നത്. പിന്നീട് 1959-ല്‍ ഈ ദേവാലയം പുനരുദ്ധരിച്ചിരിന്നു. സിറിയക് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മറ്റൊരു മാര്‍ ടോമാ ദേവാലയം കൂടി മൊസൂളിലുണ്ട്. ചരിത്രസ്മാരകങ്ങള്‍ പുനരുദ്ധരിക്കുവാനുള്ള യുനെസ്കോയുടെ പദ്ധതിയില്‍ മാര്‍ ടോമാ സിറിയക് കത്തോലിക്കാ ദേവാലയവും ഉള്‍പ്പെടുന്നുണ്ട്. ഇതിനുവേണ്ട അഞ്ചു കോടി ഡോളര്‍ യു.എ.ഇ യാണ് സംഭാവന ചെയ്തിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »