India - 2025

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഒടുവില്‍ ധാരണ

പ്രവാചക ശബ്ദം 05-11-2020 - Thursday

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികളെ തുടര്‍ന്ന് 2016 മുതല്‍ നിയമിതരായ അധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആഭിമുഖ്യത്തില്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം ഇതിന്‍റെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കുന്നതായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അറിയിച്ചു.

നിലവിലുള്ള സംരക്ഷിത അദ്ധ്യാപകരെ വിവിധ മാനേജ്മെന്‍റ് പുനര്‍വിന്യസിക്കണം എന്ന് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ അര്‍ഹമായ തസ്തികകളില്‍ നിയമിതരായ മുഴുവന്‍ അധ്യാപകരുടെയും നിയമനങ്ങള്‍ അംഗീകാരം നല്‍കാന്‍ തീരുമാനമായി തുടര്‍ വര്‍ഷങ്ങളില്‍ സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിലെ ഉത്തരവിന് വിധേയമായിട്ടായിരിക്കും നടപ്പിലാക്കുന്നത്.

2016 മുതല്‍ നിയമിതരായ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ നിയമനം ഉടന്‍ അംഗീകരിക്കാനും ചലഞ്ച് ഫണ്ട് വിതരണം ത്വരിതഗതിയില്‍ നടപ്പിലാക്കാനും ധാരണയായി. ചര്‍ച്ചയില്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരും കെ സി ബി സി ക്ക് വേണ്ടി കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഡോ.ചാള്‍സ് ലിയോണ്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കരി വേലിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് എന്നിവരും പങ്കെടുത്തു

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമരപ്പന്തലിലെത്തി ചര്‍ച്ചകളിലെ ധാരണകള്‍ വിശദീകരിച്ചു. രണ്ടാഴ്ചമുമ്പാണ് കേരളത്തിലെ മുന്ന് സഭകളെ പ്രതിനിധീകരിച്ച് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി. പത്തനംതിട്ട ബിഷപ്പ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ ഡോ. തോമസ് തറയില്‍ തുടങ്ങിയവര്‍ നിരാഹരം അനുഷ്ടിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. സമരത്തിന്റെ അവസാന ദിനം നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തിലാണ് ക്രമീകരിച്ചത്. ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ സമരം ഉദ്ഘാടനം ചെയ്യ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍ വൈസ് പ്രസിഡന്‍റ് ഡി.ആര്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു


Related Articles »