Seasonal Reflections - 2025

ജോസഫ് - രോഗികളുടെ ആശ്രയം

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 26-12-2020 - Saturday

വിശുദ്ധ യൗസേപ്പിതാവ് രോഗികളുടെ ആശ്രയവും അഭയവുമാണ്. ഒരു സംരക്ഷണത്തണൽ യൗസേപ്പിതാവിൻ്റെ പക്കൽ എന്നും ഉണ്ട്. ഉണ്ണിയേശുവിനെയും മറിയത്തെയും ആദ്യം പരിചരിച്ചത് യൗസേപ്പിതാവാണ്. മറിയത്തിനു പ്രസവാനന്തര ശുശ്രൂഷ നൽകിയും ഉണ്ണിയേശുവിനെ പരിചരിച്ചും ഒരു നല്ല പരിപാലകനായി ജോസഫ് പേരെടുത്തു. രോഗികളെയും അവരുടെ ദുരിതങ്ങളെയും മനസ്സിലാക്കാനും പരിഗണിക്കാനും ഈ നല്ല അപ്പനു സവിശേഷമായ ഒരു കഴിവുണ്ട്. അവൻ്റെ ഹൃദയത്തിൻ്റെ നന്മയും അതുതന്നെയായിരുന്നു.

ഹേറോദേസിന്‍റെ കല്പന പ്രകാരമുള്ള മരണത്തില്‍നിന്നും ഈശോയെ രക്ഷിച്ച യൗസേപ്പിതാവ്, മരണകരമായ രോഗങ്ങളിൽ നിന്നു തൻ്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുന്നു. തിരുസഭയിലെ വേദപാരംഗതയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായെ ബാല്യകാലത്ത് നിരവധി രോഗങ്ങള്‍ അവളെ അലട്ടിയിരുന്നു. യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ഥനയും നേര്‍ച്ചകളുമാണ് അവൾക്ക് രോഗങ്ങളിൽ നിന്നു സൗഖ്യം നൽകിയതെന്ന് ജീവരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മധ്യ നൂറ്റാണ്ടുകളിൽ യുറോപ്പിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ പല നഗരങ്ങളും വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥം അപേക്ഷിക്കുകയും പ്ലേഗ് എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടിയതായും സഭാ ചരിത്രത്തിൽ നാം കാണുന്നു. കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും ഭീതി സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കും വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും, ശക്തിയുള്ള ആ മാധ്യസ്ഥത്തിൽ ആശ്രയിക്കുകയും ചെയ്യാം.


Related Articles »