Seasonal Reflections - 2025
ജോസഫ് - നന്മ നിറഞ്ഞ സൗഹൃദത്തിനുടമ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 12-01-2021 - Tuesday
ഭൂമിയിൽ നന്മ ചെയ്തു നടന്നു നീങ്ങിയ യൗസേപ്പിതാവിനെപ്പറ്റി പ്രൊട്ടസ്റ്റൻ്റ് ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്ത് പറയുന്നു. " ഞാൻ ഒരു റോമൻ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ആയിരുന്നെങ്കിൽ ജോസഫിൻ്റെ സ്ഥാനം ഉയർത്തിയേനെ. ഉണ്ണിയേശുവിനെ പരിപാലിച്ച അവൻ സഭയെയും പരിപാലിക്കുന്നു." നന്മയുടെ നിറകുടമായ യൗസേപ്പിതാവിനെ ഭരമേല്പിക്കുന്നതെല്ലാം എത്ര വലിയ കോളിളക്കങ്ങളിലൂടെ കടന്നു പോയാലും തിന്മയ്ക്കു കീഴ്‌പ്പെടുകയില്ല എന്നത് വിശ്വസനീയമായ സാക്ഷ്യ പത്രമാണ്.
ഡാനീഷ് തത്വചിന്തകനായ സോറെൻ കീർക്കെഗാർഡ് ഇപ്രകാരം പറയുന്നു ഒരു മനുഷ്യൻ യാർത്ഥത്തിൽ നന്മയായത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കണം അല്ലെങ്കിൽ ആ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാവണം. രക്ഷകരകർമ്മത്തിൽ ഭാഗഭാക്കായ വിശുദ്ധ യൗസേപ്പ് അനന്ത നന്മയായ ദൈവപുത്രനു വേണ്ടി ആഗ്രഹിച്ചു, ആ ദൈവപുത്രനു വേണ്ടി സകലതും ചെയ്യാൻ സൻമനസ്സു കാണിച്ചു.
അനന്ത നന്മയായ ദൈവത്തെ ലക്ഷ്യമാക്കി ജീവിതം മുന്നേറുമ്പോൾ സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരാ, എൻ്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും സമീപനങ്ങളും അപരൻ്റെ നന്മയെയും ലക്ഷ്യം വച്ചു സൗഹൃദമായി വളരണം. ആദിമ സഭാ സമൂഹത്തിൽ നിലനിന്നിരുന്ന നന്മ നിറഞ്ഞ സൗഹൃദ ചൈതന്യം നമ്മുടെ സമൂഹത്തിലേക്കു നമുക്കു വ്യാപിപ്പിക്കാം. നന്മയും അനുകമ്പയും കമ്പോളവൽക്കരിക്കപ്പെടുന്ന ഈ കാലത്തു മനസ്സിൽ നൻമയുള്ള ജോസഫുമാർ ഉണ്ടെങ്കിലേ പുതിയ ലോകം സൃഷ്ടിക്കപ്പെടുകയുള്ളു.
