News - 2025

എൺപതോളം നഗരങ്ങളിൽ ജർമ്മൻ വൈദികർ സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിച്ചു

പ്രവാചക ശബ്ദം 11-05-2021 - Tuesday

ബെർലിൻ: വത്തിക്കാന്റെ വിലക്ക് ലംഘിച്ച് എൺപതോളം നഗരങ്ങളിൽ ജർമ്മൻ വൈദികർ ഇന്നലെ തിങ്കളാഴ്ച സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിച്ചു. വത്തിക്കാന്റെ നിലപാടില്‍ നിന്നും വിഭിന്നമായി തീരുമാനമെടുത്ത വൈദികരുടെ ആശീര്‍വാദത്തെ കുറിച്ചുള്ള വാര്‍ത്ത അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളായ റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസും അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിക്കാൻ സഭയ്ക്ക് സാധിക്കില്ലെന്ന് വത്തിക്കാന്റെ വിശ്വാസ തിരുസംഘം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധസൂചകമായി ആണ് വിവിധ സ്ഥലങ്ങളിൽ ചടങ്ങുകൾ ക്രമീകരിക്കപ്പെട്ടിരുന്നത്.

'ബ്ലസിങ് സർവീസസ് ഫോർ ലവേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങുകൾക്ക് ലൗ വിൻസ് എന്ന പേരിലുള്ള ഹാഷ് ടാഗ് ഉപയോഗിച്ച് സംഘാടകർ പ്രചാരം നൽകിയിരുന്നു. കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ജർമ്മനിയിലെ എൺപതോളം നഗരങ്ങളിലും, സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചിലും സ്വവർഗ്ഗ ബന്ധങ്ങളുടെ ആശിർവാദം നടന്നു. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, കൊളോൺ തുടങ്ങിയ നഗരങ്ങൾ ഇതിലുൾപ്പെടുന്നു. വുർസ്ബർഗ് കത്തീഡ്രലിനു സമീപത്തെ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ നടന്ന ചടങ്ങിൽ നൂറ്റിമൂപ്പതോളം ആളുകളാണ് പങ്കെടുത്തത്. കൊളോണിലെ കത്തോലിക്കാ സർവ്വകലാശാലയുടെ ചാപ്പലിലും ചടങ്ങ് നടന്നു. പലസ്ഥലങ്ങളിലും സ്വവർഗ്ഗാനുരാഗികൾക്ക് പൊതു ആശിർവാദമാണ് നൽകിയത്.

മെയ് പത്താം തീയതിക്ക് മുൻപും സമാനമായ ആശിർവാദങ്ങൾ ജർമനിയിൽ ഉടനീളം നടന്നിരുന്നു. മേയ് ഏഴാം തീയതി ജെൽഡേൺ നഗരത്തിൽ രണ്ട് കത്തോലിക്കാ വൈദികർ 35 സ്വവർഗ്ഗ ദമ്പതികളെ ആശീർവദിച്ചുവെന്ന് രൂപതയുടെ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വിശ്വാസ തിരുസംഘം സ്വവർഗ്ഗ ബന്ധങ്ങളുടെ ആശിർവാദത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അനുമതിയോടുകൂടി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് യൂറോപ്പിൽ ഉടനീളം പ്രത്യേകിച്ച് ജർമനിയിൽ പൊട്ടിപ്പുറപ്പെട്ടത്. ജർമനിയിലെ നിരവധി മെത്രാന്മാർ സ്വവർഗ്ഗ ബന്ധങ്ങളെ ആശീർവദിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നു. നിരവധി ദേവാലയങ്ങൾ എൽജിബിടി പതാക ഉയർത്തി.

ഇരുന്നൂറോളം വരുന്ന ദൈവശാസ്ത്രജ്ഞർ വത്തിക്കാൻ നിർദ്ദേശത്തെ വിമർശിച്ചുകൊണ്ട് പ്രസ്താവന തന്നെ പുറത്തിറക്കിയിരിന്നു. ജർമ്മൻ സഭ ആഗോള സഭയുമായുള്ള ബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടുകയാണോ എന്ന ആശങ്ക ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെൽ, ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ കമിലോ റൂയിനി, പോര്‍ട്ട്സ്മൌത്ത് ബിഷപ്പ് ഫിലിപ്പ് ഈഗൻ, തുടങ്ങിയവർ ഇതിനിടെ പങ്കുവെച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ടുകൊണ്ട് പോർച്ചുഗലിൽ നിന്ന് അടുത്തിടെ അയച്ച ഒരു കത്തിൽ ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നും ഒപ്പുവെച്ചിരുന്നു. സ്വവർഗ്ഗ ബന്ധങ്ങളെ ആശീർവദിച്ച വൈദികർ സാവകാശം അതൊരു കൂദാശയുടെ തലത്തിലേക്ക് ഉയർത്തണമെന്ന പക്ഷക്കാരാണെന്ന് ഫ്രീബർഗ് സർവകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകനായ ഹെൽമുട്ട് ഹോപ്പിംഗ് കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »