India - 2025
പാലാ രൂപത ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി സ്ഥാപിതമായിട്ട് ഏഴു പതിറ്റാണ്ട്
05-07-2021 - Monday
പാലാ: പാലാ രൂപതയുടെ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി സ്ഥാപിതമായിട്ട് 70 വര്‍ഷം പിന്നിട്ടു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോണ്‍ പെരുമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങി ഒട്ടേറെ ബിഷപ്പുമാരുടെ പൂര്‍വ വിദ്യാലയം കൂടിയാണിത്. 1951 ജൂലൈ മൂന്നിന് പാലാ ളാലം പുത്തന്‍പള്ളി വൈദിക മന്ദിരത്തോടനുബന്ധിച്ചു പ്രവര്‍ത്തിച്ചിരുന്ന സെന്റ് ജോസഫ് മിഷന്‍ ഹോമിലാണ് ആദ്യമായി സെമിനാരി ആരംഭിച്ചത്. ഫാ. ജേക്കബ് വെള്ളരിങ്ങാട്ടായിരുന്നു അന്നു മിഷന്‍ ഹോം ഡയറക്ടര്‍. 1954 ജൂലൈ മൂന്നിന് സെമിനാരി കുമ്മണ്ണൂരിലേക്കു മാറ്റി സ്ഥാപിച്ചു. 1956 ഒക്ടേബര്‍ ഏഴിന് പാലാ കരൂരില്‍ പരുമലക്കുന്നിലേക്കു മാറ്റി പുതിയ മന്ദിരം നിര്‍മിച്ചു. വൈദിക പരിശീലനത്തിന്റെ ആദ്യ മൂന്നുവര്‍ഷങ്ങള്‍ ഇവിടെയാണ് നടക്കുക.
1,900 ത്തോളം വൈദിക വിദ്യാര്‍ത്ഥികളാണ് ഇവിടെ പരിശീലനം നേടിയിട്ടുള്ളത്. തലശേരി രൂപത ആരംഭിച്ചപ്പോള്‍ രൂപതയ്ക്കുവേണ്ടി ഏതാനും വര്‍ഷങ്ങള്‍ ഇവിടെയാണ് വൈദിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത്. തലശേരി, താമരശേരി, മാനന്തവാടി രൂപതകളിലെ സീനിയര്‍ വൈദികരില്‍ പലരും ഇവിടെ പഠിച്ചവരാണ്. ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ആദ്യകാല വൈദികരും എംഎസ്ടി മിഷനറി സൊസൈറ്റിയുടെ ആദ്യകാല വൈദികരും ഇവിടുത്തെ വിദ്യാര്‍ഥികളായിരുന്നു. സിആര്‍എം (അഡോര്‍ണോ ഫാദേഴ്‌സ്), വിന്‍സെന്‍ഷ്യന്‍ സഭ, ടൂറാ, കല്യാണ്‍, ഉജ്ജയിന്‍, സത്‌നാ, തക്കല എന്നീ രൂപതകളുടെയും വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പരിശീലനം സിദ്ധിച്ചു.
മോണ്‍. തോമസ് മൂത്തേടമായിരുന്നു സെമിനാരിയുടെ പ്രഥമ റെക്ടര്‍. തുടര്‍ന്ന് ജോണ്‍ പെരുമറ്റം, റവ.ഡോ. ജോസഫ് മറ്റം, ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. ജോര്‍ജ് ചൂരക്കാട്ട്, റവ.ഡോ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോസഫ് പടന്നമാക്കല്‍, റവ.ഡോ. ജോസഫ് മലേപ്പറന്പില്‍, ഫാ. ജയിംസ് കട്ടക്കല്‍, റവ. ഡോ. തോമസ് മൂലയില്‍, റവ.ഡോ. ജോസഫ് തലോടി എന്നിവര്‍ റെക്ടര്‍മാരായി. ഇപ്പോള്‍ റവ.ഡോ. ജോസഫ് മുത്തനാട്ട് റെക്ടറായും റവ.ഡോ. എമ്മാനുവേല്‍ പാറേക്കാട്ട് വൈസ് റെക്ടറായും റവ.ഡോ. തോമസ് പാറക്കല്‍ സ്പിരിച്വല്‍ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ് വാര്‍ഷികം സെമിനാരിയില്‍ നടന്നത്.
