News

ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി ഫ്രാൻസിസ് പാപ്പ കോംഗോയില്‍

പ്രവാചകശബ്ദം 01-02-2023 - Wednesday

വത്തിക്കാന്‍ സിറ്റി: തന്റെ 40-ാമത് അപ്പസ്തോലിക വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ലഭിച്ചത് ആവേശകരമായ സ്വീകരണം. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:33 ന് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലെ “എൻജിലി” അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ പാപ്പയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ജീൻ മൈക്കലിന്റെ നേതൃത്വത്തില്‍ വലിയ സംഘം നിലയുറപ്പിച്ചിരിന്നു. പാപ്പയെ അഭിവാദ്യം ചെയ്യാൻ കിൻഷാസയിലെ എൻജിലി വിമാനത്താവള പരിസരത്തു വലിയ ജനകൂട്ടമുണ്ടായിരിന്നുവെന്നതും ശ്രദ്ധേയമാണ്. പരമ്പരാഗത വേഷത്തിലെത്തിയ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും പാപ്പയ്ക്ക് പൂച്ചെണ്ടും പതാകയും നൽകി സ്വീകരിച്ചു.

എൻ ഡോളോ എയർപോർട്ടിൽ നിന്ന് പ്രസിഡൻഷ്യൽ വസതിയിലേക്കുള്ള അഞ്ച് മൈൽ റോഡിന് ഇരുവശവും ആയിരക്കണക്കിന് ജനങ്ങള്‍ പതാകകൾ വീശി ആഹ്ലാദ പ്രകടനം നടത്തിയിരിന്നു. നയതന്ത്രജ്ഞർ, സിവിൽ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് ഫ്രാൻസിസ് പാപ്പ, പ്രസിഡന്റ് ഫെലിക്സ് ഷികെഡിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി. ഈ രാജ്യത്തെയും ഈ ഭൂഖണ്ഡത്തെയും മറക്കരുതെന്നും നൂറ്റാണ്ടുകളായി തദ്ദേശവാസികൾക്ക് ദോഷകരമായി സംഭവിച്ച വിനാശകരമായ കാര്യങ്ങൾ ലോകം അംഗീകരിക്കട്ടെയെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

പതിറ്റാണ്ടുകളായി ഈ രാജ്യത്തെ അടയാളപ്പെടുത്തുകയും ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്ത രക്തച്ചൊരിച്ചിലിനോട് നമുക്ക് പൊരുത്തപ്പെടാൻ കഴിയില്ല. ഇവിടെ ഉണ്ടായിരിക്കാൻ താന്‍ വളരെയധികം ആഗ്രഹിച്ചുവെന്നും ഒടുവിൽ ഇവിടെ വന്നത് കത്തോലിക്കാ സഭയുടെ സാമീപ്യവും വാത്സല്യവും സാന്ത്വനവും നൽകാനാണെന്നും പാപ്പ പറഞ്ഞു. ഇന്നു ഫെബ്രുവരി 1 ന് കിൻഷാസയിൽ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശുദ്ധ കുർബാനയില്‍ പാപ്പ പങ്കെടുക്കും. തുടർന്ന് പാപ്പ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് നിന്നുള്ള അക്രമത്തിന് ഇരയായവരുമായും കൂടിക്കാഴ്ച നടത്തും.

1980ലും 1985ലും സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പാത പിന്തുടർന്ന് ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെയാണ് പരിശുദ്ധ പിതാവ് കോംഗോ സന്ദർശിക്കുന്നത്. പാപ്പയോടൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍, സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ, സഭൈക്യത്തിനായുള്ള ഡിക്കാസ്റ്ററി പ്രിഫെക്റ്റ് കർദിനാൾ കുർട്ട് കോച്ച് എന്നിവരും പാപ്പയെ അനുഗമിക്കുന്നുണ്ട്.

Tag: Pope Francis arrived in the Democratic Republic of Congo, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം


Related Articles »