Arts

വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനൊപ്പം ആത്മീയ പോരാട്ടവുമായി 'അക്യൂട്ടിസ് ഗെയിം'; വിര്‍ച്വല്‍ ഗെയിമിന്റെ ട്രെയിലര്‍ പുറത്ത്

പ്രവാചകശബ്ദം 26-03-2023 - Sunday

ന്യൂയോര്‍ക്ക്: കത്തോലിക്ക സഭയിലെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനോടുള്ള ആദരവിനായി വിര്‍ച്വല്‍ റിയാലിറ്റി (വിആര്‍) സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗെയിമിന്റെ ട്രെയിലര്‍ പുറത്ത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയിമിന്റെ നിര്‍മ്മാതാക്കള്‍ ‘ഫെയിത്ത് ഗെയിംസ് ഐഎന്‍സി’ ആണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. “അക്യൂട്ടിസ് ഗെയിംTM” എന്ന പുതിയ ഗെയിം ആദ്യ കത്തോലിക്ക മെറ്റാവേഴ്സ് ഗെയിം ആണെന്നാണ്‌ ഫെയിത്ത് ഗെയിംസ് അവകാശപ്പെടുന്നത്. ബൈബിള്‍ സംഭവക്കഥകള്‍, വിശുദ്ധരുമായുള്ള കൂടിക്കാഴ്ചകള്‍, തുടങ്ങിയവ ഉള്‍പ്പെടുന്ന കത്തോലിക്ക ചരിത്രത്തിലേക്കാണ് ഈ ഗെയിം ഉപയോക്താക്കളെ കൊണ്ടു പോകുന്നത്.

യുവ കമ്പ്യൂട്ടര്‍ പ്രോഗ്രാമറും, 2006-ല്‍ ലുക്കീമിയ ബാധിച്ച് മരണപ്പെടുന്നതിനു മുന്‍പ് പ്രധാനപ്പെട്ട ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വാഴ്ത്തപ്പെട്ട കാര്‍ളോയോടുള്ള ആദരവിനായി നിര്‍മ്മിച്ച ‘അക്യൂട്ടിസ് ഗെയിംTM’ വാഴ്ത്തപ്പെട്ട കാര്‍ളോക്കൊപ്പം ഐതിഹാസിക സാഹസങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കുന്ന ഒരു ഓപ്പണ്‍-വേള്‍ഡ് ഗെയിമാണെന്ന്‍ ഗെയിമിന്റെ വെബ്സൈറ്റില്‍ പറയുന്നു. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ദൗത്യം മുന്നോട്ട് കൊണ്ടു പോകുവാന്‍ ഈ ഗെയിം വഴി കഴിയുമെന്ന്‍ കമ്പനി പ്രതീക്ഷിക്കുന്നതായി ഫെയിത്ത് ഗെയിംസിന്റെ സഹ-സ്ഥാപകനായ കാള്‍ പി. കില്‍ബ് പ്രതീക്ഷ പ്രകടിപ്പിച്ചു.

തന്റെ ജീവിതത്തില്‍ വാഴ്ത്തപ്പെട്ട കാര്‍ളോ വീഡിയോ ഗെയിമുകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും, വിശ്വാസം രേഖപ്പെടുത്തുവാനും പ്രചരിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗമായിട്ടാണ് ഇന്റര്‍നെറ്റ് പോലെയുള്ള സാങ്കേതികവിദ്യകളെ അവന്‍ കണ്ടിരുന്നതെന്നും കില്‍ബ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവും, സുവിശേഷവും, വിശ്വാസവും പകര്‍ന്നു നല്‍കുവാനായി രൂപകല്‍പ്പനചെയ്ത വിര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങളും, വീഡിയോ ഗെയിമുകളും, മറ്റ് മള്‍ട്ടിമീഡിയ പരിപാടികളും വഴി വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുവാനാണ് തങ്ങളുടെ ആഗ്രഹമെന്നും കില്‍ബ് വ്യക്തമാക്കി.

അക്യൂട്ടിസ് ഗെയിം പോലെയുള്ള സംവേദനാല്‍മകമായ അനുഭവങ്ങള്‍ ആളുകളെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നതായി ഫെയിത്ത് ഗെയിംസിന്റെ മറ്റൊരു സ്ഥാപകനായ എഡ്ഢി കുള്ളന്‍ പറഞ്ഞു. എല്ലാ പ്രായത്തിലുള്ള ആള്‍ക്കാര്‍ക്കും വ്യത്യസ്ഥമായ അനുഭവങ്ങളിലൂടെ തങ്ങളുടെ വിശ്വാസവുമായുള്ള ബന്ധം ആഴപ്പെടുത്തുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 12-നാണ് ഗെയിം റിലീസ് ചെയ്യുക. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 10-നാണ് ഫ്രാന്‍സിസ് പാപ്പ പതിനഞ്ചു വയസ്സുള്ള കാര്‍ളോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

Tag: New Bl. Carlo Acutis VR Game Travels Through Church History in Catholic Metaverse – Watch the Trailer!, Bl. Carlo Acutis malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »