News - 2025

വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന്‍ തുടക്കം; 8 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുക്കും

സ്വന്തം ലേഖകന്‍ 29-08-2016 - Monday

നാഗപട്ടണം: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന്‍ തുടക്കമാകും. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നു എട്ടുലക്ഷം ഭക്തര്‍ വേളാങ്കണ്ണിയിലെ 'ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്'(ആരോഗ്യമാതാ) ബസലിക്കയില്‍ തിരുനാള്‍ ആഘോഷങ്ങളിലും പ്രാര്‍ത്ഥനയിലും പങ്കുചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് കൊടിയേറുന്ന തിരുനാള്‍ സെപ്റ്റംബര്‍ മാസം എട്ടാം തീയതിയാണ് അവസാനിക്കുക.

ഒഡീഷ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കും തിരുനാള്‍ ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ വേളാങ്കണി മാതാവിന്റെ മാധ്യസ്ഥം തേടി എത്തുകയെന്ന് ബസലിക്കയുടെ മാധ്യമ വിഭാഗം ചുമതല വഹിക്കുന്ന ഫാദര്‍ ഇ.ജെ. തോമസ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. "വിവിധ മതസ്ഥരും സഭാവിശ്വാസികളുമായ എട്ടു ലക്ഷത്തില്‍ അധികം ആളുകള്‍ തിരുനാളില്‍ പങ്കെടുക്കുന്നതിനായി ഇവിടെയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ദിവസങ്ങളില്‍ മൂന്നു ലക്ഷത്തില്‍ അധികം പേര്‍ വരുവാനുള്ള സാധ്യതയും കണക്കാക്കപ്പെടുന്നു. വേളാങ്കണ്ണിയിലെ പ്രധാന ദേവാലയം പുതുക്കി നിര്‍മ്മിച്ചതിനു ശേഷം നടത്തപ്പെടുന്ന ആദ്യത്തെ തിരുനാളാണ് ഇത്തവണ നടക്കുന്നത്". ഫാദര്‍ ഇ.ജെ. തോമസ് പറഞ്ഞു.

തമിഴ്, മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മറാത്തി, കൊങ്കിണി തുടങ്ങിയ ഭാഷകളില്‍ പ്രത്യേകം കുര്‍ബാനകളും തിരുനാള്‍ ദിനത്തില്‍ അര്‍പ്പിക്കപ്പെടും. വിശ്വാസികള്‍ തേര് വലിക്കുന്ന പ്രത്യേക ചടങ്ങും തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും. ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകള്‍ പ്രത്യേകം തീവണ്ടികള്‍ വേളാങ്കണ്ണിയിലേക്ക് തിരുനാള്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 3,7 തീയതികളില്‍ ഗോവയിലെ വാസ്‌ഗോയില്‍ നിന്നും സുവിധ ട്രെയിന്‍ വേളാങ്കണ്ണി വരെ പ്രത്യേക സര്‍വ്വീസ് നടത്തും. ഈ ദിവസങ്ങളില്‍ രാവിലെ 10.30-നു വാസ്‌ഗോയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12.35-നു വേളാങ്കണ്ണിയില്‍ എത്തും.

ഇത് കൂടാതെ നാളെ വാസ്‌ഗോയിലേക്ക് വേളാങ്കണ്ണിയില്‍ നിന്നും രാവിലെ 10.40-ന് പ്രത്യേക ട്രെയിന്‍ ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 5, 8 തീയതികളിലും വേളാങ്കണ്ണിയില്‍ നിന്നും വാസ്‌ഗോയിലേക്ക് ട്രെയിന്‍ ക്രമീകരിച്ചിട്ടുണ്ട്. അഞ്ചാം തീയതി രാവിലെ ഒന്‍പതരയ്ക്കും, എട്ടാം തീയതി രാവിലെ ഏഴരയ്ക്കുമാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ നിന്നും വാസ്‌ഗോയിലേക്ക് പുറപ്പെടുന്നത്.

കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. എറണാകുളത്തു നിന്നും എല്ലാ ദിവസവും രാത്രി 10.10 നു വേളാങ്കണ്ണിക്കു സമീപമുള്ള നാഗപട്ടണത്തില്‍ നിര്‍ത്തുന്ന ടീ-ഗാര്‍ഡന്‍ എക്‌സ്പ്രസും സര്‍വ്വീസ് നടത്തുന്നുണ്ട്. നാഗപട്ടണത്തില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക പാസഞ്ചര്‍ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »