News - 2025
മിന്നല്‍ പ്രളയം; സങ്കീർത്തനം 34:18 ഉദ്ധരിച്ച് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വൈറ്റ് ഹൗസ്
പ്രവാചകശബ്ദം 08-07-2025 - Tuesday
ടെക്സാസ്: അമേരിക്കയിലെ മധ്യ ടെക്സാസിലുടനീളം നാശം വിതച്ച പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിനു കീഴിലുള്ള ഫെയ്ത്ത് ഓഫീസ്. കാണാതായവര്‍ക്ക് വേണ്ടി ടെക്സാസിലെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനിടെ, സങ്കീർത്തനം 34:18 ഉദ്ധരിച്ച് അമേരിക്കന്‍ സമൂഹത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസ്താവന പുറത്തിറക്കുകയായിരിന്നു.
മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയതിനിടെയാണ് പ്രസ്താവന. "ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു" (സങ്കീർത്തനം 34:18) എന്ന വചനം സഹിതമാണ് അഭ്യര്‍ത്ഥന. ടെക്സാസിലെ ധീരരായ ജനങ്ങൾക്കൊപ്പം തങ്ങളും നിലകൊള്ളുകയാണെന്നും ദുരിതമനുഭവിക്കുന്നവർക്ക് വേഗത്തിലുള്ള രക്ഷയും ആശ്വാസവും ലഭിക്കാൻ എല്ലാ അമേരിക്കക്കാരോടും പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു.
അമേരിക്കയുടെ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുക എന്ന ലക്ഷ്യത്തോടെയും കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിനും, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളെയും, കമ്മ്യൂണിറ്റി സംഘടനകളെയും, ആരാധനാലയങ്ങളെയും സഹായിക്കുന്നതിനായും ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് കേന്ദ്രമാക്കി ഡൊണാൾഡ് ട്രംപ് ആരംഭിച്ച വിഭാഗമാണ് വിശ്വാസ കാര്യാലയം. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎസ് പ്രസിഡന്റ് ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
