News

ദൈവം കൈയൊപ്പിട്ട സമയം; ഫ്രാന്‍സിസ് പാപ്പ നിത്യതയിലേക്ക് യാത്രയായി

പ്രവാചകശബ്ദം 21-04-2025 - Monday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ ജെമല്ലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ പാപ്പയുടെ ആരോഗ്യ നില വത്തിക്കാനിലെത്തിയ ശേഷം മെച്ചപ്പെട്ട് വരികയായിരിന്നു. ഓക്സിജന്‍ നല്‍കിവരുന്നതിനിടെ ഇന്ന്‍ ഏപ്രിൽ 21 തിങ്കളാഴ്ച കര്‍ത്താവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടുകയായിരിന്നു. രാവിലെ 9:45 ന് കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെൽ, ഫ്രാൻസിസ് മാർപാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധ വാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു റോമിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജെമെല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാപ്പയുടെ ആരോഗ്യ നിലയില്‍ ക്രമാനുഗതമായ പുരോഗതി രേഖപ്പെടുത്തിയിരിന്നെങ്കിലും കൂടെകൂടെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരിന്നു. ഇന്നലെ തിങ്കളാഴ്ച രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചിരിന്നു.

2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോള സഭയുടെ പരമാധ്യക്ഷനായി അവരോധിതനായത്.

2013 ഫെബ്രുവരി 11നാണ് ശാരീരിക അവശതകൾ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോർജ് മരിയോ ബര്‍ഗോളിയോയെ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്.

വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഒരു പതിറ്റാണ്ടിലധികം ജീവിച്ചത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നു. 12 വര്‍ഷക്കാലം തിരുസഭയെ നയിച്ച ശേഷമാണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.


Related Articles »