News
ഓശാന ഞായറാഴ്ച ഗാസയിലെ ഏക ക്രിസ്ത്യന്‍ ആശുപത്രിയ്ക്കു നേരെ ഇസ്രായേല്‍ ആക്രമണം
പ്രവാചകശബ്ദം 14-04-2025 - Monday
ജെറുസലം: ഓശാന ഞായറാഴ്ചയായ ഇന്നലെ ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയമായ അൽ അഹ്‌ലി ക്രിസ്ത്യന്‍ ആശുപത്രിക്ക് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. മിസൈൽ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള ആശുപത്രിയുടെ ഡയറക്‌ടർ ഡോ. ഫാദൽ നയിം വെളിപ്പെടുത്തി. ആക്രമണത്തിന് 20 മിനിറ്റ് മുമ്പ്, ഇസ്രായേൽ സൈന്യം എല്ലാവരോടും ഉടൻ തന്നെ പരിസരം ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നതിനാല്‍ നൂറുകണക്കിന് രോഗികളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ തിടുക്കത്തിൽ നടത്തിയ ഒഴിപ്പിക്കൽ പ്രക്രിയയുടെ ഫലമായി തലയ്ക്ക് പരിക്കേറ്റ ഒരു കുട്ടി ദാരുണമായി മരിച്ചു.
ഇരട്ട മിസൈൽ ആക്രമണത്തെ ജെറുസലേം രൂപത അപലപിച്ചു. ഗാസയിലെ ആംഗ്ലിക്കൻ നിയന്ത്രണത്തിലുള്ള അഹ്‌ലി ആശുപത്രി, സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലൂടെ ജീവിക്കുന്ന പാലസ്തീനികള്‍ക്ക് രോഗശാന്തിയും പരിചരണവും നൽകുന്ന സ്ഥലമായിരിന്നുവെന്നും ഓശാന ഞായറാഴ്ചയാണ് ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയ്ക്കു നേരെ ആക്രമണം നടന്നതെന്നും യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ പറഞ്ഞു. അസഹനീയമായ സാഹചര്യങ്ങളിൽ, 18 മാസത്തെ വിനാശകരമായ അക്രമം സഹിച്ച സാധാരണക്കാരെ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പരിചരിച്ചിരിന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജെറുസലേം രൂപതയിലെ പലസ്തീൻ സഹോദരീസഹോദരന്മാരുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും, ഒഴിപ്പിക്കലിനിടെ ദാരുണമായി മരിച്ച കുട്ടിയുടെ കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. വിശുദ്ധ വാരത്തിന്റെ തുടക്കത്തിൽ അക്രമം അവസാനിപ്പിക്കാനും പാലസ്തീനികൾക്കും ഇസ്രായേലികൾക്കും നീതി, സുരക്ഷ, സമാധാനം എന്നിവ ലഭിക്കുന്നതിന് വേണ്ടിയുള്ള ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ നിലവിളികളിൽ താനും പങ്കുചേരുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ മാർച്ച് 2ന് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനുശേഷം ഗാസയിലേക്ക് ഒരു സഹായവും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അവശ്യ മരുന്നുകളും, പരിക്കുകളും, മെഡിക്കൽ സാമഗ്രികളും ഉള്‍പ്പെടെയുള്ളവയ്ക്കു ക്ഷാമം നേരിടുകയാണ്. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിലേക്ക് ഫ്രാന്‍സിസ് പാപ്പ അനുദിനം വിളിക്കുന്നുണ്ട്. വിശുദ്ധ നാടിന്റെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ സ്വരമുയര്‍ത്തിയിരിന്നു.
