India - 2025

രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരാക്രമണങ്ങൾ തുടച്ചുനീക്കണം: സീറോ മലബാര്‍ സഭ

പ്രവാചകശബ്ദം 23-04-2025 - Wednesday

കാക്കനാട്: രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരക്രമണങ്ങൾ എന്നേക്കുമായി തുടച്ചു നീക്കണമെന്ന് സീറോമലബാർസഭ. തീവ്രവാദവും ഭീകരാക്രമണങ്ങളും മനുഷ്യ സമൂഹത്തിന് എതിരായ വലിയ വെല്ലുവിളികളാണ്. ഇവ മനുഷ്യത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുകയും, സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും അന്തരീക്ഷം തകർക്കുകയും ചെയ്യുന്നു. കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തെ അപലപിക്കുകയും ഭീകരർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി സീറോമലബാർസഭാ പി.ആർ.ഓ റവ.ഫാ. ആന്റണി വടക്കേകര പ്രസ്താവിച്ചു. പഹൽഗാമിലെ ഭീകരക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരതയുടെ ലക്ഷ്യം ഭയം വിതയ്ക്കുക മാത്രമല്ല, സമൂഹത്തെ വിഭജിച്ച് അതിന്റെ ഏകത്വം തകർക്കുക കൂടിയാണ്. ഭീകരവാദികൾ പലപ്പോഴും നിരപരാധികളായ ജനങ്ങളെ ലക്ഷ്യമാക്കുകയും, അവരുടെ ജീവിതത്തെ തകർക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ മനുഷ്യരാശിയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഭീകരതയെ ചെറുക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, ശക്തമായ നിയമങ്ങൾ, ജനങ്ങളുടെ ജാഗ്രത എന്നിവ അനിവാര്യമാണ്.

രാജ്യത്തെ ചിഹ്ന്ഭിന്നമാക്കാൻ ശ്രമിക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തകരെയും തീവ്രവാദികളെയും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും സംഘടനകളും ഒറ്റക്കെട്ടായി പരിശ്രമിക്കണം. നാടിന്റെ നന്മയെയും ജനങ്ങളുടെ സ്വൈര്യമായ ജീവിതത്തെയും രാജ്യസുരക്ഷയെതന്നെയും അപകടത്തിലാക്കുന്ന ഭീകരവാദികളെയും തീവ്രവാദ സംഘടനകളേയും പൂർണ്ണമായും തുടച്ചുനീക്കാൻ സംഘടിതമായ പരിശ്രമവും അതിശക്തമായ നടപടികളും ഉണ്ടാകണമെന്നും ഫാ. വടക്കേകര പറഞ്ഞു.


Related Articles »