News - 2025
ലെയോ പതിനാലാമൻ പാപ്പ ധരിക്കുന്ന കുരിശില്‍ അഗസ്റ്റീനിയൻ തിരുശേഷിപ്പുകൾ
പ്രവാചകശബ്ദം 11-05-2025 - Sunday
വത്തിക്കാൻ സിറ്റി: മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം വ്യാഴാഴ്‌ച രാത്രി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുക ളിലെ മട്ടുപ്പാവിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ അണിഞ്ഞ മാലയിലെ കുരിശ് അഗസ്റ്റീനിയൻ തിരുശേഷിപ്പുകൾ ഉള്ളതായിരുന്നു. 2023 സെപ്റ്റംബർ 30ന് അദ്ദേഹം കർദ്ദിനാളായപ്പോൾ അഗസ്റ്റീനിയൻ സമൂഹത്തിന്റെ പോസ്റ്റുലേറ്റർ ജനറൽ ഫാ. ജോസഫ് സിബെറാസാണ് ജനറൽ കൂരിയയുടെ സമ്മാനമായി ഈ കുരിശ് തങ്ങളുടെ മുൻ പ്രിയോർ ജനറൽകൂടിയായ അദ്ദേഹത്തിനു സമ്മാനിച്ചത്.
കുരിശിനുള്ളിൽ സന്യാസ സമൂഹ സ്ഥാപകനായ വിശുദ്ധ അഗസ്റ്റിൻ്റെയും അദ്ദേഹത്തിന്റെ അമ്മയായ വിശുദ്ധ മോനിക്കയുടെയും അഗസ്റ്റീനിയൻ സമൂഹവുമായി ബന്ധപ്പെട്ട മറ്റ് വിശുദ്ധരുടെയും തിരുശേഷിപ്പുകളുണ്ട്. സിസ്റ്റൈൻ ചാപ്പലിലെ കോൺക്ലേവിൻ്റെ നാലാം റൗണ്ട് വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണീർ മുറിയിലേക്കു പോയ മാർപാപ്പ തനിക്കു സമ്മാനമായി ലഭിച്ച കുരിശ് വീണ്ടും ധരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കോൺക്ലേവിന്റെ തലേദിവസം, തങ്ങൾ മുമ്പ് നൽകിയ കുരിശ് ധരിക്കാൻ അഭ്യർഥിച്ച് താൻ അദ്ദേഹത്തിനു സന്ദേശം അയച്ചിരുന്നതായി ഫാ. ജോസഫ് സിബെറാസ് പറഞ്ഞു. “എൻ്റെ സന്ദേശം കൊണ്ടാണോ അല്ലയോ എന്ന് എനിക്കറിയില്ല, മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം ആ കുരിശ് ധരിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ വളരെയധികം വികാരാധീനനായി"- ഫാ. ജോസഫ് സിബെറാസ് പറഞ്ഞു.
