News

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തിയ പോളിഷ് വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ

പ്രവാചകശബ്ദം 25-05-2025 - Sunday

വാര്‍സോ: പോളണ്ടില്‍ രക്തസാക്ഷിത്വം വരിച്ച യുവവൈദികന്‍ ഡോൺ സ്റ്റാനിസ്ലോസ് കോസ്റ്റ്ക സ്ട്രീച്ചിനെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി. ഇന്നലെ മെയ് 24 ശനിയാഴ്ച പോളണ്ടിലെ പോസ്നാനിലെ കത്തീഡ്രൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ ലെയോ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ മുഖ്യ കാര്‍മ്മികനായി.

പോസ്നാനിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് സ്ബിഗ്നിവ് സീലിൻസ്‌കി, ആർച്ച് ബിഷപ്പ് എമറിറ്റസ് സ്റ്റാനിസ്ലാവ് ഗെഡെക്കി, ക്രാക്കോവിലെ ആർച്ച് ബിഷപ്പ് എമറിറ്റസ് കർദ്ദിനാൾ സ്റ്റാനിസ്ലാവ് ഡിസിവിസ്, പോളിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തദ്യൂസ് വോജ്ഡ, പോളിഷ് സഭയുടെ അധ്യക്ഷന്‍ മോൺസിഞ്ഞോർ വോയ്‌സിക് പോളക്, ക്രാക്കോവിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാരെക് ജെഡ്രാസ്സെവ്‌സ്കി എന്നിവർ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി.

1902 ഓഗസ്റ്റ് 27 ന് ബൈഡ്‌ഗോഷ്‌സിലാണ് അദ്ദേഹത്തിന്റെ ജനനം. ഇൻഷുറൻസ് കമ്പനി ജീവനക്കാരനായ ഫ്രാൻസിസ്‌സെക് സ്ട്രീച്ചും വ്ലാഡിസ്ലാവ ബിർസിൻസ്കയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1912-ൽ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1920 വരെ ഹ്യുമാനിറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അതേ വർഷം തന്നെ, പോസ്നാനിലെ സെമിനാരിയിൽ ചേർന്നു. 1925 ജൂൺ 6-ന് വൈദികനായി അഭിഷിക്തനായി. പട്ടം സ്വീകരിച്ചതിനുശേഷം, 1925 മുതൽ 1928 വരെ പോസ്നാൻ സർവകലാശാലയിൽ തത്ത്വചിന്ത പഠിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, അദ്ദേഹം വിവിധ ഇടവകകളിൽ സേവനം ചെയ്യുകയും സെമിനാരിയിൽ പഠിപ്പിക്കുകയും ചെയ്തു.

1933-ൽ, ലുബോൺ മുനിസിപ്പാലിറ്റിയിലെ സബിക്കോവോ ഗ്രാമത്തിൽ അദ്ദേഹം ഇടവക വികാരിയായി നിയമിതനായി. ഗ്രാമത്തിൽ പള്ളി ഉണ്ടായിരുന്നില്ല. പള്ളി പണിയുന്നതിനായി ദീര്‍ഘമായി നടത്തിയ ഇടപെടലുകള്‍ക്ക് ശേഷം 1935-ൽ, ലുബോണിൽ പള്ളിയുടെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചു. വിശുദ്ധ ജോൺ ബോസ്കോയുടെ നാമത്തില്‍ പുതിയ ഇടവക സ്ഥാപിക്കപ്പെട്ടു. ഇടവക ജീവിതം, സമൂഹ ജീവിതം, വിവിധ കത്തോലിക്കാ അസോസിയേഷനുകൾ എന്നിവ പുതുതായി സംഘടിപ്പിച്ചും ഇടവക കൂട്ടായ്മ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചും അദ്ദേഹം ശുശ്രൂഷ തുടര്‍ന്നു.

കുട്ടികളുടെയും യുവജനങ്ങളുടെയും അജപാലനത്തിൽ സവിശേഷ ശ്രദ്ധ പതിച്ച അദ്ദേഹം തൊഴിലാളികളെയും തൊഴിൽരഹിതരെയും ആവശ്യത്തിലിരിക്കുന്ന കുടുംബങ്ങളെയും സഹായിക്കുന്നതിനു ശ്രമിച്ചു. കമ്മ്യൂണിസം സ്ഥാപിക്കാൻ ആഗ്രഹിച്ച പ്രാദേശിക കമ്മ്യൂണിസ്റ്റുകൾ അദ്ദേഹത്തിന്റെ തീവ്രമായ സാമൂഹിക പ്രവർത്തനത്തെ വെറുത്തു. കമ്മ്യൂണിസ്റ്റുകാരുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളിയായി അദ്ദേഹം മാറി. 1937-ൽ നിരവധി തവണ അദ്ദേഹത്തിന് വധഭീഷണിയുമായുള്ള അജ്ഞാത കത്തുകൾ ലഭിച്ചു. ഏപ്രിലിൽ ദേവാലയത്തിനു നേരെ ആക്രമണമുണ്ടായി. സക്രാരിയും മറ്റും നശിപ്പിക്കപ്പെട്ടു. വധഭീഷണിയും ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തുടര്‍ക്കഥയായി.

1938 ഫെബ്രുവരി 27-ന് രാവിലെ 9:30-ന്, ഡോൺ സ്ട്രീച്ച് പതിവുപോലെ കുമ്പസാരക്കൂട്ടിൽ പ്രവേശിച്ച് വിശ്വാസികള്‍ക്ക് അനുരജ്ഞന കൂദാശ നല്‍കി. രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അര്‍പ്പണം ആരംഭിച്ചു. സുവിശേഷം വായിക്കാൻ പീഠത്തിനടുത്തെത്തിയപ്പോൾ, കൈ ഉയർത്തിപ്പിടിച്ച് ഒരാൾ ജനക്കൂട്ടത്തിൽ നിന്ന് പുറത്തുവന്ന് അദ്ദേഹത്തിന്റെ തലയിൽ രണ്ടുതവണ വെടിവെയ്ക്കുകയായിരിന്നു. ആദ്യ വെടിയുണ്ട വലതു കണ്ണിനു താഴെ കയറി, തലയോട്ടി തകർന്നു, തലച്ചോറിൽ തുളച്ചുകയറി. രണ്ടാമത്തെ വെടിയുണ്ട സുവിശേഷ പുസ്തകത്തിൽ തുളച്ചുകയറി.

വൈദികന്‍ വലതുവശത്തേക്ക് പിന്നിലേക്ക് വീണു, അക്രമി അദ്ദേഹത്തിന്റെ പിന്നിൽ രണ്ടുതവണ കൂടി വെടിവച്ചു. തത്ക്ഷണം മരിച്ചു. തങ്ങള്‍ക്ക് താങ്ങും തണലുമായി നിന്ന വൈദികനെ ക്രൂരമായി കൊന്ന ദൃശ്യത്തിന് മുന്നില്‍ വിറയലോടെ നില്‍ക്കാനേ ജനത്തിന് കഴിഞ്ഞുള്ളൂ. 2017 ജനുവരി 26-ന്, പോസ്നാൻ അതിരൂപതയിൽ നാമകരണ നടപടിയ്ക്കു തുടക്കമായി. 2019 ഏപ്രിൽ 26-ന്, രേഖകൾ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന് സമർപ്പിക്കുകയായിരിന്നു. 2024 മെയ് 23-ന് ഡോൺ സ്റ്റാനിസ്ലോസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ നാമകരണ ഡിക്കാസ്റ്ററിയ്ക്കു ഫ്രാൻസിസ് പാപ്പ അനുവാദം നല്‍കുകയായൈരിന്നു. നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷമുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്നലെ നടന്നത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »