News
യേശുവിനെ അനുഗമിക്കുന്നവർ സുവിശേഷ സൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നവര്‍, എതിർപ്പും പീഡനവും നേരിടാം: ലെയോ പാപ്പ
പ്രവാചകശബ്ദം 30-06-2025 - Monday
വത്തിക്കാന്‍ സിറ്റി: യേശുവിനെ അനുഗമിക്കുന്നവർ സുവിശേഷ സൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നവരാണെന്നും അവര്‍ക്ക് എതിർപ്പും പീഡനവും നേരിടേണ്ടി വരാമെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ഞായറാഴ്ച റോമിൽ ലെയോ പതിനാലാമൻ പാപ്പ വത്തിക്കാനിൽ മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാല പ്രാർത്ഥന മധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സുവിശേഷസൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നവര്‍ക്ക് ആത്മാവിൻറെ ദാരിദ്ര്യം; സൗമ്യത, കരുണ, നീതിക്കുവേണ്ടിയുള്ള വിശപ്പ്, ദാഹം, സമാധാനത്തിനായുള്ള പ്രവർത്തനം എന്നിവയില്‍ എതിർപ്പും പീഡനം പോലും നേരിടേണ്ടിവരുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി.
പാറ ക്രിസ്തുവാണ്. ആ പാറയിൽ നിന്നാണ് പത്രോസിന് ആ പേര് ലഭിച്ചതും. മനുഷ്യർ തള്ളിക്കളഞ്ഞതും ദൈവം മൂലക്കല്ലാക്കിയതുമായ ഒരു കല്ല് (മത്തായി 21:42). ആ അട്ടിമറി എപ്രകാരമാണ് തുടരുന്നത് എന്ന് ഈ ചത്വരവും വിശുദ്ധ പത്രോസിൻറെയും വിശുദ്ധ പൗലോസിറെയും പേപ്പൽ ബസിലിക്കകളും നമ്മോടു പറയുന്നു. ലൗകിക മനോഭാവത്തിന് വിരുദ്ധമായിരുന്നതിനാൽ, ആദ്യം തിരസ്കരിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യപ്പെട്ടതാണ്, നമുക്ക് മുന്നിൽ വലുതും മഹത്വമുള്ളതുമായി കാണപ്പെടുന്നത്.
ഏറ്റവും വലിയ അപ്പോസ്തലന്മാരായി നാം വണങ്ങുന്നവരുടെ തെറ്റുകളും വൈരുദ്ധ്യങ്ങളും പാപങ്ങളും പുതിയ നിയമം മറച്ചുവയ്ക്കുന്നില്ല. വാസ്തവത്തിൽ, അവരുടെ മഹത്വം ക്ഷമിക്കപ്പെടലിലൂടെ രൂപപ്പെട്ടതാണ്. ഉത്ഥിതൻ അവരെ തൻറെ പാതയിലേക്ക് ഒന്നിലധികം തവണ തിരികെ കൊണ്ടുവന്നിട്ടുണ്ട്. യേശു ഒരിക്കലും ഒരുതവണ മാത്രം വിളിക്കുന്നില്ല. അതുകൊണ്ടാണ് ജൂബിലി നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, നമുക്കെല്ലാവർക്കും എപ്പോഴും പ്രത്യാശപുലർത്താൻ കഴിയുന്നത്.
യേശുവിനെ അനുഗമിക്കുന്നവർ സുവിശേഷസൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നു, അവിടെ ആത്മാവിൻറെ ദാരിദ്ര്യം, സൗമ്യത, കരുണ, നീതിക്കുവേണ്ടിയുള്ള വിശപ്പ്, ദാഹം, സമാധാനത്തിനായുള്ള പ്രവർത്തനം എന്നിവ എതിർപ്പും പീഡനം പോലും നേരിടേണ്ടിവരുന്നു. എന്നിരുന്നാലും, ദൈവത്തിൻറെ മഹത്വം അവൻറെ സുഹൃത്തുക്കളിൽ പ്രകാശിക്കുകയും അവരെ പരിവർത്തനത്തിൽ നിന്ന് പരിവർത്തനത്തിലേക്കുള്ള വഴിയിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.
സഹോദരീ സഹോദരന്മാരേ, സഭയിലും സഭകൾക്കിടയിലും, ഐക്യം പോഷിപ്പിക്കപ്പെടുന്നത് ക്ഷമയാലും പരസ്പര വിശ്വാസത്താലുമാണ്. അത് നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും നിന്ന് ആരംഭിക്കുന്നു. യേശു നമ്മെ വിശ്വസിക്കുന്നുവെങ്കിൽ, നമുക്കും അവൻറെ നാമത്തിൽ പരസ്പരം വിശ്വസിക്കാം. കീറിമുറിക്കപ്പെട്ട ഈ ലോകത്ത് സഭ കൂട്ടായ്മയുടെ ഭവനവും പാഠശാലയുമാകുന്നതിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും കന്യകാമറിയത്തോടൊപ്പം നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടേയെന്നും ലെയോ പാപ്പ പറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
