News - 2025
ഇറ്റലി ആസ്ഥാനമായുള്ള സന്യാസ സമൂഹത്തിന് സുപ്പീരിയർ ജനറലായി മലയാളി കന്യാസ്ത്രീ
പ്രവാചകശബ്ദം 17-07-2025 - Thursday
കണ്ണൂർ: ഇറ്റലി ആസ്ഥാനമായുള്ള വെനെറിനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ സിസി എംപിവി നിയമിതയായി. റോമിൽ നടന്നു കൊണ്ടിരിക്കുന്ന ജനറൽ ചാപ്റ്ററിൽവച്ചായിരുന്നു നിയമനം. സന്യാസ സമൂഹത്തിന്റെ പ്രഥമ ഇന്ത്യൻ പ്രോവിൻസിന്റെ പ്രോവിൻഷ്യൽ ആയി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്വം ലഭിക്കുന്നത്.
കണ്ണൂർ പിലാത്തറ വ്യാകുലമാത ഇടവകാംഗവും മുരിങ്ങമ്യാലിൽ കുടുംബാംഗവുമാണ് സിസ്റ്റർ സിസി എംപിവി. ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ മദർ ഏലിയാന മാസിമിയുടെ വികാർ ജനറലായിരുന്ന സിസ്റ്റർ സിസി കഴിഞ്ഞ നാലുവർഷമായി ഇന്ത്യൻ പ്രോവിൻസ്ന്‍റെ പ്രൊവിൻഷ്യലായി സേവനമനുഷ്‌ഠിച്ചുവരികയായിരുന്നു. മലയാളിയായ സിസ്റ്റർ ബ്രിജിറ്റ് വടക്കേപുരയ്ക്കൽ എംപിവി ജനറൽ കൗൺസിലറായും നിയമിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രോവിൻസിൻ്റെ ആദ്യത്തെ മലയാളി പ്രോവിൻഷ്യലായിരുന്നു സിസ്റ്റർ ബ്രിജിറ്റ്.
നിലവിൽ കോഴിക്കോട് ഫറോക്ക് കോളജിനടുത്ത വെനെറിനി ഹയർ സെക്കൻഡറി സ്കൂൾ അഡ്‌മിനിസ്ട്രേറ്ററായിരുന്നു. 1685-ൽ ഇറ്റലിയിലെ വിറ്റെർബോയിൽ വിശുദ്ധ റോസ് വെനെറിനിയാണ് വെനെറിനി സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചത്. ഇറ്റലി, യുഎസ്എ, ഇന്ത്യ, അൽബേനിയ, റൊമാനിയ, കാമറൂൺ, നൈജീരിയ, ലാറ്റിൻ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ സിസ്റ്റര്‍മാര്‍ സേവനം തുടരുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
