Saturday Mirror - 2025
ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 02-08-2025 - Saturday
ആഗസ്റ്റ് മാസം രണ്ടാം തീയതി കത്തോലിക്ക സഭ "കുർബാനയുടെ അപ്പോസ്തലൻ" എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്‌മാർഡിന്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു. പരിശുദ്ധ കുർബാനയുടെ ആഴവും അർത്ഥവും മനസ്സിലാക്കി ദിവ്യകാരുണ്യ ആത്മീയത ജീവിക്കുന്ന പക്വതയാർന്ന ഒരു വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് പഠിപ്പിച്ച ദിവ്യകാരുണ്യ ജീവിതത്തിനുള്ള പന്ത്രണ്ടു നിയമങ്ങളിൽ പലതിനും ഇക്കാലത്തും കാലിക പ്രസക്തിയുണ്ട്. അവയെ നമുക്കൊന്നു മനസ്സിലാക്കാം.
ഒന്നാം നിയമം
രാവിലെ ഉണരുമ്പോൾ അരൂപിയിൽ സക്രാരിയുടെ ചുവട്ടിലെത്തുക. കാരണം ഈശോ നമ്മൾ ഓരോരുത്തരോടുമുള്ള സ്നേഹത്താൽ രാത്രി മുഴുവൻ അവിടെ നമുക്കായി വസിക്കുകയായിരുന്നു. രക്ഷകനായ ഈശോയ്ക്കു ഒരു സമർപ്പണം നടത്തുക, നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കാനും എല്ലാ പാപങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാനും അവന്റെ സ്നേഹം നിലനിൽക്കാനും അവനോട് അപേക്ഷിക്കുക.
രണ്ടാം നിയമം
പ്രഭാത പ്രാർത്ഥന ആരംഭിക്കുമ്പോൾ സക്രാരിയുടെ മുമ്പിൽ നമ്മളെത്തന്നെ ആത്മനാ സന്നിഹിതമാക്കുക. നമ്മുടെ യാചനകൾ പിതാവായ ദൈവത്തിനു സമർപ്പിക്കാൻ അവിടെ കാത്തിരിക്കുന്ന ഈശോയോട്, ആ ദിവസത്തെ നമ്മുടെ പദ്ധതികളെക്കുറിച്ച് പറയുക, അവ അനുഗ്രഹിക്കാൻ ആവശ്യപ്പെടുക.
മൂന്നാം നിയമം
സാധിക്കുമെങ്കിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. അസാധ്യമായ ദിവസങ്ങൾ വിശുദ്ധ ബലിയിൽ ആത്മനാ സന്നിഹിതരായിരിക്കാൻ പരിശ്രമിക്കുക. സക്രാരിയുടെ മുമ്പിൽ ആത്മനാ പോയി ഈശോയുടെ ഹൃദയത്തിൽ നമ്മളെത്തന്നെ സ്വയം സമർപ്പിക്കുക. ഓരോ നിമിഷവും ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളോട് സ്വയം ഐക്യപ്പെട്ടു ജീവിക്കുക.
നാലാം നിയമം
സക്രാരിയിൽ ജീവിക്കുന്ന ഈശോയെപ്പറ്റി ചിന്തിക്കാതെയോ അവൻ്റെ അനുഗ്രഹങ്ങൾ യാചിക്കാതെയോ രാവിലെയോ ഉച്ചതിരിഞ്ഞോ വൈകിട്ടോ ഒരു ജോലിയും ആരംഭിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യരുത്.
അഞ്ചാം നിയമം
ഉച്ച ഭക്ഷണത്തിനും വൈകുന്നേരത്തെ ഭക്ഷണത്തിനും മുമ്പും ശേഷവും, ഒരു നിമിഷം മുട്ടുകുത്തി പ്രാർത്ഥിക്കുക. പലരും മറന്നു പോകുന്ന ഈശോയെ അഭിവാദ്യം ചെയ്യാൻ ഈ സമയത്തെങ്കിലും മറക്കാതിരിക്കുക.
ആറാം നിയമം
ദിവസത്തിൽ പല പ്രാവശ്യം സക്രാരിയിലേക്ക് സ്നേഹപൂർവമായ ഒരു ചിന്ത അയയ്ക്കുക. ഉദാഹരണത്തിന്, ക്ലോക്കിൽ മണി മുഴങ്ങുമ്പോൾ ദൈവസ്നേഹപ്രകരണങ്ങൾ ജപിക്കുക ശീലമാക്കുക.
ഏഴാം നിയമം
ജോലിക്ക് പോകുന്ന സമയത്താണെങ്കിൽപ്പോലും, ദിവ്യകാരുണ്യ സന്നിധിയിൽ വിസീത്ത അനുദിനം നടത്തുന്നത് ശീലമാക്കുക, അപ്പോൾ മരണസമയത്ത് ഈശോയും നമ്മളെ സന്ദർശിക്കും.
ദിവ്യകാരുണ്യ സന്നിധിയിലേക്ക് പതിവായി വിസീത്ത നടത്താൻ കഴിയുന്നില്ലെങ്കിൽ, ഉറങ്ങുന്നതിനു മുമ്പ് പരിശുദ്ധ കുർബാനയുടെ സന്നിധിയിലേക്ക് ഒരു ആത്മീയ സന്ദർശനം നടത്തുക. നമ്മളോടുള്ള വലിയ സ്നേഹം ഒന്നുകൊണ്ടുമാത്രം സക്രാരിയിൽ വസിക്കന്ന ഈശോയെ മനസ്സിൽ ധ്യാനിച്ച് ഒരു മിനിറ്റെങ്കിലും ആരാധനയിലായിരിക്കുക. .
എട്ടാം നിയമം
നമ്മുടെ രാത്രി പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ സക്രാരിക്കു മുമ്പിൽ ആത്മാവിൽ സമർപ്പിക്കുക. ഈശോയോടു സഹായം അപേക്ഷിക്കുക; അവന്റെ സംരക്ഷണയുടെ കീഴിൽ, നമ്മുടെ മനസ്സാക്ഷിയെ താഴ്മയോടെ പരിശോധിക്കുക. പകൽ സമയത്ത് നമ്മൾ ചെയ്ത കാര്യങ്ങൾ നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവന്നത് ഈശോ തന്നെയാണെന്ന് ചിന്തിക്കുക.
ഒമ്പതാം നിയമം
ഏറ്റവും പ്രധാനപ്പെട്ട നിയമമാണിത് ഇതിൽ നാലു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു.
1. ഈശോയുടെ സക്രാരിക്കു മുമ്പിൽ പോയി (അരൂപിയിലെങ്കിലും) സ്വയം നമ്മളെത്തന്നെ സമർപ്പിക്കുക.
2. ദിവ്യകാരുണ്യ നിയമങ്ങിളിലെ ചോദ്യങ്ങളിലൊന്ന് വായിക്കുക.
3. ഒരു നിമിഷം അവ സാവധാനം ചിന്തിക്കുകയും ഫലങ്ങൾ കണ്ടെത്തുകയും ചെയ്യുക.
4. നമ്മുടെ ചിന്തകൾപോലും അറിയുന്ന ഈശോയെ ആത്മാവിന്റെ കണ്ണുകളാൽ നോക്കി പറയുക:
"ഈശോയെ, എന്നെ കാണുകയും മനസ്സിലാക്കുകയും ചെയ്യണമേ. എന്റെ ആത്മാവിനോട് സംസാരിക്കേണമേ, കർത്താവേ, അരുൾ ചെയ്താലും , ദാസനിതാ ശ്രവക്കും."
പത്താം നിയമം
പകൽ സമയത്ത്, നമുക്കു എന്തെങ്കിലും പരീക്ഷണമോ പ്രശ്‌നമോ വന്നാൽ, ഉടൻ തന്നെ സക്രാരിയിലേക്കു പോയി അത് ഈശോയോടു തുറന്നുപറയുക. വൈരുദ്ധ്യങ്ങളിൽ ഉടൻ തന്നെ അവനോട് സംസാരിക്കുക, ക്ഷമ നിലനിർത്താൻ അവനോടു ആവശ്യപ്പെടുക. നമ്മൾ തനിച്ചായിരിക്കുന്ന സന്ദർഭങ്ങളിൽ ഈശോയോടു കൂട്ടുകൂടാൻ അരൂപിയിൽ പോകുക. അവനെ പലപ്പോഴും, നാം അവന്റെ കൂടാരത്തിൽ ഉപേക്ഷിച്ചിരിക്കുന്നു. നമ്മുടെ ഒറ്റപ്പെടൽ അപ്പോൾ നമുക്കു വേദന കുറഞ്ഞതായി തോന്നും.
പതിനൊന്നാം നിയമം
നമ്മുടെ ചിന്തകൾ കഴിയുന്നത്ര ഈശോയുടെ ദൃഷ്ടിയിൽ നിരന്തരം നിലനിർത്താൻ സ്വയം ശീലിക്കുക.
"ഈശോയെ, നീ എന്റെ ആഗ്രഹങ്ങൾ അറിയുന്നു, കർത്താവേ, എന്റെ ആത്മാവിനെ സുഖപ്പെടുത്തേണമേ! കർത്താവേ, എന്നെ കാണണമേ! കർത്താവേ, എന്നെ സ്നേഹിക്കേണമേ" തുടങ്ങയ കൊച്ചു പ്രാർത്ഥനകൾ നമുക്കു ശീലമാക്കാം
പന്ത്രണ്ടാം നിയമം
വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യം നമ്മുടെ ചിന്തകളിൽ നിന്നു നഷ്ടപ്പെടാതിരിക്കാൻ പരിശ്രമിക്കുക. ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ ആദ്യ ചിന്ത, ആദ്യ നോട്ടം എന്നിവ ഈശോയ്ക്കു നൽകുക. അവിടെ നടക്കുന്ന പ്രാർത്ഥനകൾ, ചടങ്ങുകൾ, പ്രസംഗങ്ങൾ എന്നിവയുടെ എല്ലാം കേന്ദ്രം ഈശോ ആയിരിക്കട്ടെ.
ഈ ദിവ്യകാരുണ്യ നിയമങ്ങളുടെ സ്വീകരണത്തിലൂടെ ആത്മീയ പക്വതയിലേക്കു നമുക്കു വളർന്നുയരാം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
