News - 2025
ബൈബിള്‍ മാസത്തില്‍ ജയിലുകളില്‍ ബൈബിള്‍ വിതരണം ചെയ്യാന്‍ മെക്സിക്കന്‍ സഭ
പ്രവാചകശബ്ദം 02-09-2025 - Tuesday
മെക്സിക്കോ സിറ്റി: ആഗോള കത്തോലിക്ക സഭ ബൈബിള്‍ മാസമായി ആചരിക്കുന്ന സെപ്റ്റംബറില്‍ വിവിധ പരിപാടികളുമായി മെക്സിക്കന്‍ സഭ. ബൈബിൾ മാസാചരണത്തിന്റെ ഭാഗമായി, വിവിധ ജയിൽ കേന്ദ്രങ്ങളിലെ തടവുകാര്‍ക്ക് ബൈബിള്‍ പകർപ്പുകൾ നല്‍കുന്നതിനായി സാൾട്ടില്ലോ രൂപത ഉള്‍പ്പെടെയുള്ള വിവിധ രൂപതകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. 15 വർഷമായി നടത്തിവരുന്ന ഈ പ്രവർത്തനം സാൾട്ടില്ലോയിലെയും മോൺക്ലോവയിലെയും പുരുഷന്മാരുടെ ജയിലുകളിലും സാൾട്ടില്ലോയിലെ വനിതാ ജയിലിലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ജ്യൂവനൈല്‍ ജയിലിലും ഏറെ പ്രയോജനകരമാണെന്ന് ജയിൽ മിനിസ്ട്രിയുടെ കോർഡിനേറ്റർ ഫാ. റോബർട്ട് കൂഗൻ 'എസിഐ പ്രെൻസ'യോട് വിശദീകരിച്ചു.
ബൈബിള്‍, വിതരണം ചെയ്യുന്നതിനപ്പുറം പ്രയാസകരമായ സാഹചര്യങ്ങളിൽ യേശുവുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുവാന്‍ സഹായിക്കുകയാണ്. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആളുകൾ യേശുവിനെ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത് ഞങ്ങൾ കണ്ടു. അവർ വായിക്കാനും പഠിക്കാനും ബൈബിളുകൾ ആവശ്യപ്പെടുന്നുണ്ട്. പുൽത്തൊട്ടിയിൽ ജനിച്ചതിന്റെയും, കുടുംബത്തിൽ വളർന്നതിന്റെയും, ജോലി ചെയ്യുന്നതിന്റെയും, തലചായ്ക്കാൻ ഇടമില്ലാത്തതിന്റെയും തടവിലാക്കപ്പെടുന്നതും ഉള്‍പ്പെടെ യേശു സ്വയം ജീവിക്കാൻ തിരഞ്ഞെടുത്ത സാഹചര്യങ്ങളുടെ അനുഭവങ്ങൾ പ്രതിഫലിപ്പിക്കുകയാണെന്ന് ഫാ. റോബർട്ട് കൂഗൻ കൂട്ടിച്ചേർത്തു.
ദൈവവചനത്തിന് ജീവിതങ്ങളെ എങ്ങനെ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങള്‍ തനിക്ക് ഉണ്ടെന്ന് ഫാ. കൂഗൻ പങ്കുവെച്ചു. സെഫെറസോയില്‍ ശിക്ഷയനുഭവിച്ചുക്കൊണ്ടിരിക്കുമ്പോൾ ബൈബിൾ വായിക്കാൻ തുടങ്ങിയ ഒരു മനുഷ്യന്‍ "ദൈവത്തിന്റെ സൗമ്യമായ സാന്നിധ്യം അനുഭവിച്ചതായി" പറഞ്ഞതായും അദ്ദേഹം സ്മരിച്ചു. ആഴ്ചതോറുമുള്ള കുർബാന, കൂദാശകൾ, ബൈബിൾ പഠനം, വിശ്വാസ രൂപീകരണം എന്നിവയുൾപ്പെടെ ഒരു ഇടവകയിൽ കാണുന്നതെല്ലാം ജയിലിലും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഫാ. കൂഗൻ പറഞ്ഞു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ ജയില്‍ മിനിസ്ട്രി ശുശ്രൂഷകള്‍ സജീവമാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?