News - 2025

കളമശ്ശേരി എന്താ കേരളത്തിലല്ലേ?

സീറോ മലബാർ മീഡിയ കമ്മീഷൻ 24-09-2025 - Wednesday

കണ്മുൻപിൽ അത്യന്തം ഗുരുതരമായൊരു നിയമലംഘനവും മനുഷ്യാവകാശ നിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കൂട്ടം ആശ്രമവാസികൾക്കുനേരെയാണ് ഇരുട്ടിന്റെ മറവിൽ ആരുടെയൊക്കെയോ മൗനാനുവാദത്തോടെ നിയമ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കിനിർത്തിയിട്ടു ഈ അതിക്രമം നടന്നിരിക്കുന്നത്. സംഭവസ്ഥലത്തു പോലീസ് കാവലുണ്ടത്രെ; എന്തിനു, നിയമലംഘകരായ സംഘടിത കൈയേറ്റക്കാർക്ക് സംരക്ഷണം കൊടുക്കാനൊ? നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന ഗുണ്ടാ സംഘങ്ങളിൽനിന്നും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ കേരളത്തിലെ നിയമവാഴ്ച നശിച്ചു എന്നല്ലേ മനസിലാക്കേണ്ടത്? കോടതിവിധികൾപോലുംനടപ്പിലാക്കാൻ കഴിയാത്ത പോലീസും രാഷ്ട്രീയ നേതൃത്വവും പരിഹാസ്യമായൊരു കാഴ്ചയായിമാറുന്നു.

വസ്തുതകളുടെ യാഥാർഥ്യം മനസിലാക്കാൻ പലരും കണ്ടിട്ടും കാണാതെപോയ ആശ്രമ സുപ്പീരിയർ ജോർജ് പാറയ്ക്ക ORC പുറത്തിറക്കിയ പത്രകുറിപ്പുകൂടെ ഷെയർ ചെയ്യുന്നു.

മാർത്തോമാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം പ്രതിഷേധാർഹം: ഫാ. ജോർജ് പാറക്ക ORC, സുപ്പീരിയർ, മാർത്തോമാ ഭവനം, കളമശ്ശേരി ‍

ബഹുമാനപ്പെട്ട എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചുകൊണ്ട്, സെപ്റ്റംബർ നാലാം തിയ്യതി പുലർച്ച ഒരു മണിമുതൽ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി കളമശ്ശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ

അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാലും ഭൂമിയുടെ മേലുള്ള മാർത്തോമാ ഭവനത്തിന്റെ കൈവശാവകാശം ബഹു. കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂർണ്ണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാർത്തോമാ ഭവനം അധികൃതർ പ്രതീക്ഷിച്ചെങ്കിലും, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം തുടരുകയാണ്.

1982 ൽ മാർത്തോമാ ഭവനം അധികൃതർക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010 ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി (Fake sale deed) മറ്റൊരു പാർട്ടിക്ക് അതേ സ്ഥലം വിൽപ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മാർത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോർട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന Prohibitary Injection Order പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ, 45 വർഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകർക്കുകയും പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോൺക്രീറ്റ് നിർമ്മിതികൾ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികൾ. പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു.

ഇപ്പോഴും ഇപ്രകാരമുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്യുന്നില്ല. പോലീസ് മേലുദ്യോഗസ്ഥരും നിഷ്ക്രിയരായി തുടരുകയാണ്.

നഗ്നമായ ഈ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. പരിഹാരം കണ്ടെത്താൻ ആവശ്യമായ ക്രിയാത്മകമായ ഇടപെടലുകൾ ജനപ്രതിനിധികളും നടത്തണം. പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തിൽ പ്രശ്നം പരിഹരിക്കാനാണ് ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവ സമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്. ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നീതി ലക്ഷ്യമാക്കിയുള്ള എല്ലാത്തരം നിയമ, പ്രതിഷേധ നടപടികളിലേക്കും നീങ്ങാൻ ക്രൈസ്തവ സമൂഹം നിർബന്ധിതരായിതീരും.

Fr. George Paracka ORC

Superior, Mar Thoma Bhavanam, Kalamassery ‍


സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »