News - 2026

ലെയോ പാപ്പ മുന്‍പ് രൂപതാധ്യക്ഷനായിരിന്ന ചിക്ലായോ രൂപതയിൽ ആഗോള രോഗീ ദിനം ആഘോഷിക്കും

പ്രവാചകശബ്ദം 06-02-2026 - Friday

വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ മുന്‍പ് രൂപതാധ്യക്ഷനായിരിന്ന പെറുവിലെ ചിക്ലായോ രൂപതയിൽ ആഗോള രോഗീ ദിനം കൊണ്ടാടുവാന്‍ വത്തിക്കാന്റെ തീരുമാനം. "സമരിയക്കാരന്റെ അനുകമ്പ: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് അവനെ സ്നേഹിക്കുക" എന്ന പ്രമേയത്തെ കേന്ദ്രമാക്കിയാണ് ഫെബ്രുവരി 9 മുതൽ 11 വരെ ആഗോള രോഗീ ദിനം കൊണ്ടാടുക. ദാനധർമ്മ പ്രവൃത്തികളുടെ സൗന്ദര്യവും, അനുകമ്പയുടെ സാമൂഹിക മാനവും വീണ്ടെടുക്കുവാനും, രോഗികളെപ്പോലെ ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഏവരെയും വത്തിക്കാന്‍ ക്ഷണിച്ചു.

ലെയോ പതിനാലാമൻ പാപ്പയുടെ പ്രതിനിധിയായി സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി പങ്കെടുക്കും. ഫെബ്രുവരി 9ന്, കർദ്ദിനാൾ മൈക്കിൾ ചേർനിയുടെ നേതൃത്വത്തിലുള്ള വത്തിക്കാൻ പ്രതിനിധി സംഘം, ചിക്ളായോയിലെ മൂന്ന് ആശുപത്രികൾ സന്ദർശിക്കും. ഫെബ്രുവരി 10-ന് "സമരിയാക്കാരൻ്റെ അനുകമ്പ, ലാറ്റിനമേരിക്കയിലെ സാന്ത്വന പരിചരണത്തിലെ പുരോഗതി, സമഗ്ര രോഗി പരിചരണത്തിൻ്റെ ആത്മീയത" എന്ന പേരില്‍ പഠന ശിബിരം നടക്കും.

ഫെബ്രുവരി 11ന്, നോയേസ്‌ത്ര സെഞ്ഞോറ ദെ ലാ പാസ് ദേവാലയത്തിൽ രാവിലെ 9 മണിക്ക്, കർദ്ദിനാൾ മൈക്കിൾ ചേർനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിക്കും. പെറുവിലെ അപ്പസ്തോലിക നൂൺഷ്യോ, മോൺസിഞ്ഞോർ പൗളോ റോക്കോ ഗ്വാൾട്ടിയേരി, ചിക്ലായോ മെത്രാൻ മോൺസിഞ്ഞോർ എഡിൻസൺ ഫാർഫാൻ, വിവിധ രൂപതകളിൽ മെത്രാന്മാർ, ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവർ ആഘോഷങ്ങളിൽ പങ്കുചേരും. 2023 വരെ ലെയോ പാപ്പ (ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ്) അധ്യക്ഷനായ രൂപതയാണ് ചിക്ലായോ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍



More Archives >>

Page 1 of 1164