News - 2026

ഇന്ന് വിഭൂതി തിങ്കള്‍; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

പ്രവാചകശബ്ദം 16-02-2026 - Monday

കൊച്ചി: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍ വിശ്വാസികള്‍ ഇന്നു വിഭൂതി തിങ്കളാഴ്ച നോമ്പിലേക്ക് പ്രവേശിച്ചു. സീറോ മലങ്കര സഭ ചാരം പൂശൽ കർമ്മത്തിന് പകരം ശുബുകോനോ എന്ന ശുശ്രൂഷയോടെയാണ് നോമ്പിലേക്ക് പ്രവേശിച്ചത്.

ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 18) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. ബുധനാഴ്ച വിശുദ്ധ അൻസലേമിന്റെ ബസിലിക്കയിലും, വിശുദ്ധ സബീനയുടെ ബസിലിക്കയിലും നടക്കുന്ന വിഭൂതി തിരുനാളിനു (ചാരം പൂശൽ) പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും.

നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 5നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

More Archives >>

Page 1 of 1167