News

ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്തില്ല; പതിറ്റാണ്ടുകളുടെ പാരമ്പര്യം ലംഘിച്ച് ന്യൂയോര്‍ക്കിന്റെ പ്രഥമ മുസ്ലീം മേയർ

പ്രവാചകശബ്ദം 12-02-2026 - Thursday

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കില്‍ കത്തോലിക്ക ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാത്ത ന്യൂയോര്‍ക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിക്കെതിരെ വ്യാപക പ്രതിഷേധം. പതിറ്റാണ്ടുകളായി ന്യൂയോര്‍ക്ക് അതിരൂപതാധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സിറ്റി മേയര്‍ പങ്കെടുക്കുന്നത് പതിവായിരിന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി നഗരത്തിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന ആര്‍ച്ച് ബിഷപ്പ് റൊണാള്‍ഡ് ഹിക്സിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നു സൊഹ്‌റാൻ മംദാനി വിട്ടുനില്‍ക്കുകയായിരിന്നു. മേയറുടെ തീവ്ര ഇസ്ലാമിക നിലപാടിനെതിരെ നേരത്തെ പലരും ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇതുശരിവെയ്ക്കുന്നതാണ് ചടങ്ങില്‍ നിന്നുള്ള മാറി നില്‍ക്കലെന്ന് മാധ്യമ നിരീക്ഷകര്‍ പറയുന്നു.

പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാത്ത മംദാനിക്കെതിരെ അമേരിക്കന്‍ ദിനപത്രമായ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനമുണ്ട്. മുഴുവൻ നഗരത്തിന്റെയും നേതാവെന്ന നിലയിൽ വൈവിധ്യമാർന്ന സമൂഹങ്ങളുടെ പ്രധാന നാഴികക്കല്ലായ പരിപാടിയില്‍ മേയർ പങ്കെടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും ഇവിടെ മംദാനി പരാജയപ്പെടുകയാണ് ചെയ്തതെന്നും മംദാനി കാണിച്ചത് തെറ്റാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം ന്യൂയോർക്ക് കത്തോലിക്കർക്കും എല്ലാ ന്യൂയോർക്കു നിവാസികള്‍ക്കും എല്ലാ അമേരിക്കക്കാർക്കും പോലും ഒരു സുപ്രധാന സംഭവമാണ്. ന്യൂയോർക്ക് ആർച്ച് ബിഷപ്പിനെ അമേരിക്കൻ സഭയുടെ നേതാവായി വ്യാപകമായി കാണുന്നു. ന്യൂയോർക്ക് സിറ്റി മേയർമാർ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ദീർഘകാല പാരമ്പര്യം കണക്കിലെടുക്കുമ്പോൾ, മേയർ കാണിച്ചതില്‍ തെറ്റുണ്ടെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്.

റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ ക്യുമോയെയും പരാജയപ്പെടുത്തി കഴിഞ്ഞ നവംബറില്‍ ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സൊഹ്റാൻ മംദാനി. ഇയാളുടെ പല തീവ്ര നിലപാടുകളും തെരഞ്ഞെടുപ്പിനിടെ ചര്‍ച്ചയായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »