News

ലെയോ പാപ്പയുടെ കാമറൂണ്‍ സന്ദര്‍ശനം തുടരുന്നു

പ്രവാചകശബ്ദം 16-04-2026 - Thursday

യൗണ്ടെ/ അല്‍ജിയേഴ്സ്: അള്‍ജീരിയായില്‍ നിന്നു ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ഒടുവില്‍, ലെയോ പാപ്പ കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിൽ എത്തിയപ്പോള്‍ രാജ്യം നല്‍കിയത് ആവേശകരമായ സ്വീകരണം. മധ്യ ആഫ്രിക്കൻ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം നിറഞ്ഞുനിന്നു. വിമാനത്താവളത്തിൽ എത്തിയ പാപ്പയെ കാത്ത് വലിയൊരു ജനക്കൂട്ടം നിലയുറപ്പിച്ചിരിന്നു. വത്തിക്കാൻ, കാമറൂണിയൻ പതാകകൾ വീശിയും ഇംഗ്ലീഷിലും ഫ്രഞ്ചിലും സ്വാഗത വാക്കുകൾ വിളിച്ചുമാണ് ആഗോള സഭയുടെ പരമാധ്യക്ഷനെ ജനം വരവേറ്റത്.

വിമാനത്താവളത്തിൽ നിന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് പരിശുദ്ധ പിതാവിനെ കൊണ്ടുപോകുന്ന റോഡിന്റെ ഭൂരിഭാഗവും ആളുകൾ തടിച്ചുകൂടിയിരിന്നു. താളവാദ്യങ്ങളുടെയും പിച്ചള ഉപകരണങ്ങളുടെയും താളാത്മകമായ ശബ്ദങ്ങൾക്കനുസരിച്ച് ആർപ്പുവിളിച്ചും പാടുകയും നൃത്തം ചെയ്തും അവര്‍ പാപ്പയ്ക്കു ആഘോഷപൂര്‍വ്വകമായ വരവേല്‍പ്പ് നല്‍കി. പ്രസിഡൻഷ്യൽ കൊട്ടാരത്തിലും സമാനമായ ഊര്‍ജ്ജം പ്രകടമായിരുന്നു. പരിശുദ്ധ പിതാവ് രാജ്യത്തിന്റെ പ്രസിഡന്റ് പോൾ ബിയയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് രാജ്യത്തിന്റെ അധികാരികളെയും, സിവിൽ സമൂഹത്തിലെ അംഗങ്ങളെയും, നയതന്ത്ര സേനയെയും അഭിസംബോധന ചെയ്തു.

പാപ്പയുടെ പ്രസംഗത്തിനിടെ നിരവധി തവണ ജനം കരഘോഷങ്ങൾ മുഴക്കി, സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിച്ച പാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം, പരിശുദ്ധ പിതാവ് മേരിയുടെ പുത്രിന്മാര്‍ എന്ന സന്യാസിനി സമൂഹം നടത്തുന്ന എൻഗൽ സാംബ അനാഥാലയം സന്ദർശിച്ചു. കുട്ടികളും സന്യാസിനികളും മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ലോഗോയുള്ള നീല വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ പാട്ടുകളും ആർപ്പുവിളികളുമായാണ് പാപ്പയെ സ്വീകരിച്ചത്. കാമറൂണിലെ ബിഷപ്പുമാരുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയും പാപ്പ നടത്തി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »