India - 2026
ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ തിരുവനന്തപുരം ഓഫീസിന് മുന്നില്‍ കെഎല്‍സിഎയുടെ പ്രതിഷേധം
പ്രവാചകശബ്ദം 17-05-2026 - Sunday
തിരുവനന്തപുരം: കര്‍ത്താവിന്റെ അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരുപത പ്രതിഷേധ ധര്‍ണ നടത്തി. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം ടൈംസ് ഓഫ് ഇന്ത്യ ഓഫീസിനു മുന്നില്‍വെച്ചാണ് പ്രതിഷേധ പരിപാടി നടത്തിയത്. യേശു ക്രിസ്തുവും 12 ശിഷ്യന്മാരും പങ്കെടുത്ത തിരുവത്താഴത്തിന്റെ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന വിധം രാഷ്ട്രീയ നേതാക്കളെ വരച്ചുചേര്‍ത്ത് 'ഉയിര്‍ത്തെഴുന്നേല്‍പ്പ് അഥവാ 'നാടുകടത്തല്‍' എന്ന തലക്കെട്ടോടെയാണ് പത്രം കഴിഞ്ഞ ദിവസം ചിത്രം പ്രസിദ്ധീകരിച്ചത്.
കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതായി കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി സുരേഷ് സേവ്യര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഈ വിവാദ ചിത്രീകരണം ഉടന്‍ പിന്‍വലിച്ച് പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ ഖേദം പ്രകടിപ്പിക്കുകയും ക്രൈസ്തവ സമൂഹത്തോട് നിരുപാധികം മാപ്പ് പറയുകയും വേണം. ഭാവിയില്‍ മതചിഹ്നങ്ങളെയും വിശ്വാസാചാരങ്ങളെയും അപമാനിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതരത്വം എന്നാല്‍ മതങ്ങളെ അപമാനിക്കാനുള്ള ലൈസന്‍സ് അല്ല. ഒരു മതത്തിന്റെയും പരിശുദ്ധമായ വിശ്വാസത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ ഒരു മാധ്യമത്തിനും അവകാശമില്ലെന്നും അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും ഭാരതീയ ന്യായ സംഹിത 295എ പ്രകാരം മതവികാരം വ്രണപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പാട്രിക് മൈക്കിളും അഭിപ്രായപ്പെട്ടു. ഷാജന്‍ മാര്‍ട്ടിന്‍, രാജു തോമസ്, ഹെന്‍ട്രി വിന്‍സെന്റ്്, ഗ്രേഷ്യസ്, സുശീല, വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. ടൈംസ് ഓഫ് ഇന്ത്യ മാപ്പ് പറയാത്ത പക്ഷം നിയമനടപടികളും സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ലത്തീന്‍ സഭാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.

















