News

പോർട്‍ലൻഡ് നഗരവീഥികളിൽ ദിവ്യകാരുണ്യ നാഥനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളുടെ പ്രയാണം

പ്രവാചകശബ്ദം 10-06-2026 - Wednesday

പോർട്‍ലൻഡ്: അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ പോർട്‍ലൻഡിൽ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ആയിരക്കണക്കിന് കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിശുദ്ധ കുർബാനയ്ക്ക് ശേഷം നഗരത്തിലെ പ്രധാന വീഥികളിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യമായി മാറി.

പോർട്‍ലൻഡിലെ സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍ കത്തീഡ്രലില്‍ അർപ്പിച്ച വിശുദ്ധ കുർബാനയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. തുടർന്ന് പോർട്‍ലൻഡ് അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് അലക്സാണ്ടർ കെ. സാമ്പിൾ പടിഞ്ഞാറൻ ഒറിഗണിനെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു. വിശ്വാസികൾക്ക് അപ്പസ്തോലിക ആശീർവാദവും അദ്ദേഹം നൽകി.

തുടർന്ന് നഗരവീഥികളിൽ വിശ്വാസപ്രഖ്യാപനമായി ദിവ്യകാരുണ്യ പ്രദക്ഷിണം മാറുകയായിരിന്നു. ആയിരക്കണക്കിന് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ അനുഗമിച്ച് പോർട്‍ലൻഡിലെ പേൾ ഡിസ്ട്രിക്ട് മേഖലയിലൂടെ പ്രദക്ഷിണമായി നടന്നു നീങ്ങി. സെന്റ് മേരീസ് കത്തീഡ്രലിന് പുറത്ത് നടന്ന സമാപന ആശീർവാദത്തോടെയാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സമാപനമായത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »