India - 2026
എഫ്‌സിആർഎ ഭേദഗതി ഭാവിയിൽ വേട്ടയാടാൻ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതായി സിബിസിഐ
പ്രവാചകശബ്ദം 18-07-2026 - Saturday
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ പരിഗണിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ് സി ആ ർഎ) ഭേദഗതി ബിൽ ഭാവിയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതായി ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ വീണ്ടും പരിഗണനയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം. ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരേ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ വ്യക്തമാക്കി.
രാജ്യത്തിന്റെ ഉന്നമനത്തെ ബാധിക്കുന്നതോ ഭരണഘടനാ ഉറപ്പുകൾക്ക് എതിരെയോ സ്വാഭാവിക നീതി നിഷേധിക്കുന്നതോ ആയ വ്യവസ്ഥകൾ ബില്ലിലുണ്ടെങ്കിൽ പ്രതികരിക്കേണ്ടത് പ്രതിപക്ഷ അംഗങ്ങളാണ്. ക്രൈസ്‌തവ സഭയുടെ പേരിലല്ല തങ്ങൾ വാദിക്കുന്നത്. എൻജിഒകൾക്കു വേണ്ടിയാണ്. വിഷയത്തിൽ മറ്റു സംഘടനകൾ കേന്ദ്രസർക്കാരിനെ കണ്ടിട്ടുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി വിദേശത്തെ ക്രൈസ്‌തവ സഹോദരങ്ങൾ നൽകുന്ന സംഭാവനകൾ ഉപയോഗിച്ച് നിർമിച്ച സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ സർക്കാർ ഏറ്റെടുക്കുന്നു എന്നു പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല. ബിൽ കൊണ്ടുവരരുതെന്ന് സിബിസിഐ സർക്കാരിനോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.
എന്നാൽ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥ ജനോപകാരപ്രദമല്ലെങ്കിൽ അതിനെ എതിർക്കുക എന്ന പൗരന്റെ കടമ മാത്രമാണ് സിബിസിഐ നിർവഹിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മുൻകാല പ്രാബല്യം, സ്വത്തുക്കൾ സ്ഥിരമായി ഏറ്റെടുക്കൽ തുടങ്ങി ബില്ലിലെ ചില വ്യവസ്ഥകളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെയും സിബിസിഐ പ്രതിനിധി സംഘം നേരത്തെ കണ്ടിരുന്നു. എന്നാൽ, കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ അതേപടി ചർച്ചയ്ക്ക് എടുക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ആശങ്കകൾ പരിഹരിക്കുന്ന ഭേദഗതികൾ അവസാന നിമിഷം കൊണ്ടുവരുമെന്നാണ് സിബിസിഐ ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















