India - 2026
അമിത് ഷായുമായി കൂടിക്കാഴ്ചയില്‍ ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നു സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍
പ്രവാചകശബ്ദം 07-08-2026 - Friday
ന്യൂഡല്‍ഹി: എഫ്സിആര്‍എ ചട്ടഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍. പ്രശ്നങ്ങള്‍ അമിത് ഷായ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു നിന്നു. സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
ജനദ്രോഹപരമായ ബില്ല് ആണെങ്കില്‍ പാസ്സാക്കാന്‍ അനുവദിക്കരുത്. ഇതാണ് പ്രതിപക്ഷ എംപിമാരോടും പറയാനുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്ന് നമ്മുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. വ്യവസ്ഥകളെക്കുറിച്ച് ബില്ല് വന്നതിനു ശേഷം പ്രതികരിക്കാം. മാറ്റങ്ങള്‍ ഉണ്ടോ എന്ന് അപ്പോഴേ അറിയാന്‍ സാധിക്കൂ. എഫ്സിആര്‍എയിലെ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍ ആണെന്ന് അമിത് ഷാ ആവര്‍ത്തിച്ചുവെന്നും ഫാ. മാത്യു കോയിക്കല്‍ കൂട്ടിച്ചേര്‍ത്തു. എഫ്സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ ക്രൈസ്തവ സഭകള്‍ കടുത്ത ആശങ്ക അറിയിച്ചിരുന്നു.

















