News - 2026

കോംഗോയിൽ സക്രാരി തകര്‍ത്ത് അക്രമികള്‍; പ്രായശ്ചിത്ത പരിഹാര പ്രാര്‍ത്ഥനയുമായി സഭാനേതൃത്വം

പ്രവാചകശബ്ദം 20-07-2026 - Monday

ഇസിറോ-നിയാംഗാര: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറി സക്രാരി മോഷ്ടിച്ച സംഭവത്തില്‍ പ്രായശ്ചിത്ത പരിഹാര പ്രാര്‍ത്ഥനയുമായി സഭാനേതൃത്വം. ഇസിറോ-നിയാംഗാര രൂപതയുടെ നിയാംഗാരയിലെ വിശുദ്ധ തെരേസായുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നിന്നാണ് ജൂലൈ 16 പുലര്‍ച്ചെ അക്രമികൾ ദേവാലയത്തില്‍ അതിക്രമിച്ച് കയറി സക്രാരി തകര്‍ത്തത്.

ഗുരുതരമായ അതിക്രമമാണിതെന്നും പ്രാർത്ഥനയിലും ആത്മീയ പരിഹാരപ്രവർത്തികളിലും ഏർപ്പെടണമെന്നും ഇടവക സഹവികാരിയായ ഫാ. ജീൻ-മാരി മത്സാഗ അഭ്യര്‍ത്ഥിച്ചു. പിറ്റേന്നു ദിവ്യബലി അർപ്പിക്കാൻ വൈദികർ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ഫാ. മത്സാഗ പറഞ്ഞു. ദേവാലയത്തിന്റെ ഇടതുവശത്തുള്ള പ്രവേശനകവാടം ബലമായി തുറന്ന നിലയിലായിരുന്നു. സക്രാരി അതിന്റെ പീഠത്തിൽ നിന്ന് അടര്‍ത്തി മാറ്റി കൊണ്ടുപോയിരുന്നു. സക്രാരിയില്‍ ദിവ്യകാരുണ്യം സൂക്ഷിച്ചിരുന്ന കുസ്തോതി ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ ശൂന്യമായ നിലയിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ നടപടികളുടെ ഭാഗമായി, ആവശ്യമായ വിശുദ്ധീകരണ-പ്രായശ്ചിത്ത കർമ്മങ്ങൾക്കായി ഇടവക ദേവാലയം താൽക്കാലികമായി അടച്ചിട്ടു. വിശുദ്ധ കുർബാന അര്‍പ്പണവും മറ്റ് ശുശ്രൂഷകളും കോണ്‍വെന്റിലേക്ക് മാറ്റിയിട്ടുണ്ട്. വിശുദ്ധ സ്ഥലങ്ങളോടും വിശുദ്ധ കുർബാനയോടും കാണിക്കേണ്ട ആദരവ് മുൻനിർത്തി, പ്രാർത്ഥനയിൽ ഒന്നിച്ചുചേരാനും പ്രായശ്ചിത്ത കർമ്മങ്ങൾ അനുഷ്ഠിക്കാനും രൂപത നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »