Faith And Reason - 2025

പുതിയ നിയമത്തിൽ ദൈവം മറിയം വഴി അത്ഭുതങ്ങള്‍ ആരംഭിച്ചു; കാലത്തിന്‍റെ അവസാനം വരെ മറിയം വഴി അത് തുടരുക തന്നെ ചെയ്യും.

വി. ലൂയിസ് മോണ്‍ഫൊർട്ടിന്റെ കൃതികളിൽ നിന്നും 04-10-2015 - Sunday

മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്‍റെ ഏകജാതനെ ലോകത്തിനു നല്‍കിയത്. ഈ നിധി സ്വീകരിക്കാന്‍ വേണ്ടി 4000 നീണ്ട വര്‍ഷങ്ങള്‍ പൂര്‍വപിതാക്കന്മാര്‍ നെടുവീര്‍പ്പുകളോടെ കാത്തിരിക്കുകയും പ്രവാചകരും പഴയനിയമത്തിലെ വിശുദ്ധാത്മാക്കളും നിരവധി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പക്ഷെ, മറിയം മാത്രമേ യേശു ക്രിസ്തു എന്ന 'നിധി'യെ ഉദരത്തിൽ സംവഹിക്കുവാൻ അര്‍ഹയായുള്ളൂ.

പിതാവായ ദൈവത്തിന്‍റെ തൃക്കരങ്ങളില്‍ നിന്ന് നേരിട്ടു ദൈവപുത്രനെ സ്വീകരിക്കാന്‍ ലോകം അനര്‍ഹമായിരുന്നുവെന്നു വി. അഗുസ്തീനോസ് പറയുന്നു. അവിടന്നു സ്വപുത്രനെ മറിയത്തിനു നല്‍കി; അവളിലൂടെ ലോകം അവനെ സ്വീകരിക്കാന്‍ വേണ്ടി.

നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന്‍ മനുഷ്യനായി. മറിയത്തിലൂടെയും മറിയം വഴിയുമാണ്‌ അതു സംഭവിച്ചത്. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ അവളില്‍ രൂപപ്പെടുത്തി; എന്നാല്‍ തന്‍റെ സൈന്യ വ്യൂഹങ്ങളില്‍ പ്രധാനിയായ ഒരുവന്‍ വഴി അവളുടെ സമ്മതം വാങ്ങിയതിനു ശേഷം മാത്രം.

പിതാവായ ദൈവം, ഒരു സൃഷ്ടിക്കു സ്വീകരിക്കാവുന്നിടത്തോളം ഫലസമൃദ്ധി അവളില്‍ നിക്ഷേപിച്ചു. എന്തുകൊണ്ടെന്നാല്‍ തന്‍റെ നിത്യപുത്രനെയും അവിടുത്തെ മൗതികശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്താന്‍ വേണ്ട ശക്തി നല്‍കുവാന്‍ വേണ്ടിയായിരുന്നു അത്.

ദൈവപുത്രന്‍ അവളുടെ കന്യകോദരത്തില്‍, പുതിയ ആദം ഭൗമിക പറുദീസയില്‍ പ്രവേശിച്ചാല്‍ എന്നപോലെ ഇറങ്ങി വന്ന് അവിടെ ആനന്ദം കണ്ടെത്തി. അവളില്‍ അവിടന്നു രഹസ്യമായി കൃപാവരങ്ങളുടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.

മനുഷ്യനായിത്തീര്‍ന്ന ദൈവം മറിയത്തിന്‍റെ ഉദരത്തില്‍ സ്വയം ബന്ധിയാകുന്നതില്‍ സ്വാതന്ത്ര്യം കണ്ടെത്തി. അവിടുന്നു വിനീതയായ കന്യകയാല്‍ ‍സംവഹിക്കാന്‍ അനുവദിച്ചുകൊണ്ട്, തന്‍റെ സര്‍വശക്തി പ്രകടമാക്കി. ഭൂമിയിലുള്ള സര്‍വ സൃഷ്ടിജാലങ്ങളില്‍ നിന്നും തന്‍റെ പ്രതാപം മറച്ചുവച്ച്, അത് മറിയത്തിനു മാത്രം വെളിപ്പെടുത്തിക്കൊടുത്തു കൊണ്ട് അവിടുന്ന് തന്‍റെയും പിതാവിന്‍റെയും മഹത്വം സാധിച്ചു. തന്‍റെ ഉത്ഭവത്തിലും ജനനത്തിലും ദേവാലയത്തിലെ സമര്‍പ്പണത്തിലും മുപ്പതു വര്‍ഷത്തെ രഹസ്യ ജീവിതത്തിലും തന്‍റെ മാധുര്യ പൂര്‍ണ്ണമായ കന്യാംബികയെ ആശ്രയിച്ചു ജീവിച്ചു കൊണ്ട് അവിടുന്ന് തന്‍റെ സ്വാതന്ത്ര്യത്തെയും പ്രതാപത്തെയും മഹത്വീകരിച്ചു.

അബ്രഹാം ദൈവഹിതത്തിന് സമ്മതം മൂളിക്കൊണ്ട് പുത്രനായ ഇസഹാക്കിനെ ബലി ചെയ്തതുപോലെ, യേശുവിന്‍റെ മരണവേളയില്‍ മറിയം സന്നിഹിതയായി. അവിടുത്തോടുകൂടി ഒരേ യാഗത്തില്‍ പങ്കുചേര്‍ന്നു. നിത്യപിതാവിന് അവളും പുത്രനോടുകൂടെ ഒരേ ബലിയര്‍പ്പിച്ചു. ഇപ്രകാരം പരിഹാരമനുഷ്ഠിച്ച അവളാണ് അവിടുത്തെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും അവിടുത്തേയ്ക്ക് ആലംബമരുളുകയും ഒടുവില്‍ നമുക്കായി ബലിയര്‍പ്പിക്കുകയും ചെയ്തത്.

ഓ! പ്രശംസനീയവും അഗ്രാഹ്യവുമായ ദൈവത്തിന്‍റെ ആശ്രയഭാവം, യേശുവിന്‍റെ രഹസ്യ ജീവിതത്തിലെ മിക്കവാറും എല്ലാംതന്നെ നമ്മില്‍നിന്നും മറച്ചുവെച്ച പരിശുദ്ധാത്മാവ് മുകളില്‍ പറഞ്ഞ ആശ്രയ ഭാവത്തെ സുവിശേഷങ്ങളില്‍ പരാമര്‍ശിക്കാതിരുന്നില്ല. അവിടുന്ന് ചുരുങ്ങിയ പക്ഷം വെളിപാടുകള്‍ വഴിയെങ്കിലും അതിന്‍റെ ഔന്നത്യത്തിന്‍റെയും അനന്തമായ മഹത്വത്തിന്‍റെയും കുറച്ചു ഭാഗമെങ്കിലും നമ്മെ മനസിലാക്കാം എന്ന് കരുതിക്കാണുമെന്നു തോന്നുന്നു!

മഹത്തായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ട് ഈ ലോകത്തെ മുഴുവന്‍ മാനസാന്താരപ്പെടുത്തീയാല്‍ എന്നതിനേക്കാള്‍ ഉപരിയായ മഹത്ത്വം യേശുക്രിസ്തു മറിയത്തിനു വിധേയനായി മുപ്പതു വര്ഷം ജീവിച്ചു കൊണ്ട് പിതാവായ ദൈവത്തിനു നല്‍കി. അവിടുത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ ഏകമാതൃകയായ യേശുവിനെപ്പോലെ മറിയത്തിനു നാം സ്വയം വിധേയരാകുമ്പോള്‍, ഓ, എത്ര അധികമായി നാം ദൈവത്തെ മഹത്വപ്പെടുത്തുകയില്ലേ?‍

നമ്മുടെ കര്‍ത്താവിന്‍റെ തുടര്‍ന്നുള്ള ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മറിയം വഴി വേണം തന്‍റെ അത്ഭുതങ്ങള്‍ ആരംഭിക്കാന്‍ എന്നുള്ളതായിരുന്നു അവിടുത്തെ തിരുമനസ്സെന്നു മനസ്സിലാകും. അവിടുന്നു യോഹന്നാനെ തന്‍റെ അമ്മയായ എലിസബത്തിന്‍റെ ഉദരത്തില്‍വച്ചു വിശുദ്ധീകരിച്ചു. പക്ഷേ അത് സംഭവിച്ചത് മറിയത്തിന്‍റെ മധുരമൊഴികള്‍ വഴിയാണ്. അവള്‍ സംസാരിച്ചു തീരുംമുമ്പേ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെട്ടു. ഇതായിരുന്നു അവിടുത്തെ കൃപയുടെ തലത്തിലെ ആദ്യ അത്ഭുതം.

കാനയിലെ കല്യാണത്തില്‍ അവിടുന്ന് വെള്ളം വീഞ്ഞാക്കി. അതിനു കാരണം മറിയത്തിന്‍റെ വിനീതമായ പ്രാര്‍ത്ഥന മാത്രമാണ്. പ്രകൃതിയുടെ തലത്തിലെ ആദ്യാത്ഭുതമിതത്രേ. അവിടുന്ന് മറിയം വഴി അത്ഭുതങ്ങള്‍ ആരംഭിച്ചു; മറിയം വഴി അത് തുടര്‍ന്നു; കാലത്തിന്‍റെ അവസാനം വരെ മറിയം വഴി അത് തുടരുക തന്നെ ചെയ്യും.

പരിശുദ്ധാത്മാവായ ദൈവത്തിനു, ദൈവികപിതൃത്വം അവകാശപ്പെടാനാവില്ലെങ്കിലും- മറ്റൊരു ദൈവവ്യക്തിയെ പുറപ്പെടുവിച്ചില്ലെങ്കിലും അവിടുന്ന്‍ മണവാട്ടിയായ മറിയത്തില്‍, ഫലമണിഞ്ഞു. അവളോടുകൂടിയും, അവളിലും, അവളുടേതുമായി പരിശുദ്ധാത്മാവ് തന്‍റെ മാസ്റ്റര്‍പീസ് (നായകശില്പം) മെനഞ്ഞു. അതാണ് മനുഷ്യനായിത്തീര്‍ന്ന ദൈവം.

അവിടുന്ന് ലോകാവസാനംവരെ അനുദിനം തെരഞ്ഞെടുക്കപ്പെട്ടവരേയും ശിരസ്സായ ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ അംഗങ്ങളെയും ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളും തന്നില്‍ നിന്ന് ഒരിക്കലും വേര്‍പിരിയാത്ത വധുവുമായ മറിയത്തെ ഒരാത്മാവില്‍ എത്ര കൂടുതലായി കാണുന്നുവോ അത്രയ്ക്കധികമായ ശക്തിയോടും നിരന്തരവുമായി ആ ആത്മാവില്‍ പ്രവര്‍ത്തിച്ച്, യേശുക്രിസ്തുവിനെ ആത്മാവിലും, ആത്മാവിനെ യേശുക്രിസ്തുവിലും രൂപപ്പെടുത്തുന്നത്.

പരിശുദ്ധാത്മാവിനു സ്വയമായി ഫലദായകത്വം ഇല്ലാതിരിക്കെ പരിശുദ്ധ കന്യക അവിടുത്തേയ്ക്ക് അത് നല്‍കി എന്ന് ഇവിടെ ധ്വനിക്കുന്നില്ല. അവിടുന്ന് ദൈവമാകയാല്‍ പിതാവിനും പുത്രനും ഒപ്പമുള്ള ഒരു ഫലദായകത്വം അല്ലെങ്കില്‍ ഉത്‌പ്പാദകശക്തി അവിടുത്തേയ്ക്കുമുണ്ട്. അവിടുന്ന്‍ മറ്റൊരു ദൈവികവ്യക്തിയെ പുറപ്പെടുത്താത്തതുകൊണ്ടു തന്‍റെ കഴിവിനെ ഉപയോഗിച്ചില്ലെന്നു മാത്രം.

തനിക്ക് അവളെ കൂടിയേ തീരൂ എന്നില്ലാതിരുന്നിട്ടും അവിടുന്ന് തന്‍റെ ഫലദായകത്വത്തെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ അവളെ ഉപയോഗിച്ചു എന്നേ കരുതേണ്ടൂ. അങ്ങനെ അവളിലും അവള്‍ വഴിയും അവിടുന്ന് യേശുക്രിസ്തുവിനും അവിടുത്തെ അവയവങ്ങള്‍ക്കും രൂപം നല്‍കി. ക്രിസ്ത്യാനികളില്‍ ഏറ്റവും ആത്മീയരും ജ്ഞാനികളായവര്‍ക്കു പോലും അജ്ഞാതമായ കൃപാവരത്തിന്‍റെ രഹസ്യം.

Source: വി. ലൂയിസ് മോണ്‍ഫൊർട്ടിന്റെ കൃതികളിൽ നിന്നും

More Archives >>

Page 1 of 1