News

യുദ്ധസാഹചര്യത്തിൽ പ്രാർത്ഥന മാത്രമാണ് ഏക ആയുധം: വടക്കൻ അറേബ്യയുടെ അപ്പസ്തോലിക വികാരി ആൽഡോ ബെരാർദി

പ്രവാചകശബ്ദം 07-09-2026 - Monday

ബഹ്‌റൈൻ: യുദ്ധ സാഹചര്യത്തിൽ പ്രാർത്ഥന മാത്രമാണ് ഏക ആയുധമെന്നു വടക്കൻ അറേബ്യയുടെ അപ്പസ്തോലിക വികാരി ആൽഡോ ബെരാർദി. കഴിഞ്ഞ ദിവസം റോമിൽ നടന്ന അറബ് മേഖലകളിലെ ലാറ്റിൻ മെത്രാന്മാരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം, വികാരിയേറ്റിന്റെ അധികാരപരിധിയിലുള്ള രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ മേഖലയിലുടനീളം നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ വിശദീകരിക്കുകയായിരിന്നു അദ്ദേഹം.

ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അപ്രതീക്ഷിത പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെപ്പോലും ബാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. അതിനാല്‍ ഈ പൊടുന്നനെയുള്ള യുദ്ധം തങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു. പ്രാർത്ഥന മാത്രമാണ് ഈ സാഹചര്യത്തിൽ തങ്ങളുടെ ഏക ആയുധമെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനത്തിന്റെയും സത്യത്തിന്റെയും ശബ്ദമാകാൻ പാപ്പ കൂടിക്കാഴ്ചാവേളയിൽ മെത്രാന്മാരെ ആഹ്വാനം ചെയ്തു. മതങ്ങൾ തമ്മിലുള്ള സംഭാഷണം സ്വന്തം സ്വത്വം ഉപേക്ഷിക്കലല്ല, മറിച്ച് പരസ്പര ബഹുമാനത്തിലൂടെ സമാധാനത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങളിൽ വസിക്കുന്ന ക്രൈസ്തവ സമൂഹങ്ങൾക്ക് ഈ സംഭാഷണങ്ങൾ അത്യന്താപേക്ഷിതമാണ്. യുദ്ധം ഭിന്നതകൾ ഉണ്ടാക്കുമ്പോഴും, പ്രാർത്ഥനയിലൂടെയും ഐക്യത്തിലൂടെയും ഇതിനെ നേരിടാനാണ് സഭ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തികാവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഉണ്ടായ പ്രതിസന്ധി മൂലം നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും അവർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു. പലയിടങ്ങളിലും സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും സഭയുടെ കീഴിലുള്ള ചാരിറ്റി പ്രവർത്തനങ്ങളും സ്കൂളുകളും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും പള്ളികൾ തുറന്നിടണമെന്നും ആളുകൾക്ക് പ്രാർത്ഥിക്കാനും ആശ്വാസം കണ്ടെത്താനുമുള്ള ഇടമായി അത് നിലനിൽക്കണമെന്നും ബഹ്‌റൈൻ കിരീടാവകാശി തന്നെ ആവശ്യപ്പെട്ടത് വലിയൊരു മാറ്റത്തിന്റെ സൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാത്ത്. ഇത് നോർത്തേൺ അറേബ്യയിലെ അപ്പോസ്‌തോലിക് വികാരിയേറ്റ് ഓഫ് കുവൈറ്റ് എന്നാണ് മുന്‍പ് അറിയപ്പെട്ടിരിന്നത്. മലയാളികള്‍ അടക്കം പതിനായിരകണക്കിന് വിശ്വാസികളാണ് നോർത്തേൺ അറേബ്യയുടെ വികാരിയാത്തിന് കീഴിലുള്ളത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »