News - 2026
ഭ്രൂണഹത്യ മരുന്നുകളുടെ വ്യാപക ഉപയോഗം: പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി യുഎസ് കത്തോലിക്ക മെത്രാൻ സമിതി
പ്രവാചകശബ്ദം 21-08-2026 - Friday
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വർദ്ധിച്ചുവരുന്ന ഭ്രൂണഹത്യ മരുന്നുകളുടെ ഉപയോഗത്തിനും വിതരണത്തിനുമെതിരെ ശക്തമായ പ്രാർത്ഥനയ്ക്കും ബോധവത്കരണത്തിനും ആഹ്വാനം ചെയ്ത് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി. രാജ്യത്തുടനീളം ജീവന്റെ സംരക്ഷണത്തിനായി ശക്തമായ പരിപാടികളും പ്രാർത്ഥനാ ക്യാമ്പെയിനുകളും സംഘടിപ്പിക്കാൻ മെത്രാൻ സമിതി വിശ്വാസികളോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 18 മുതൽ ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന "പ്രാർത്ഥനയും പ്രവർത്തനവും" എന്ന പേരിൽ സംഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ ആഹ്വാനം. ടെലിഹെൽത്ത് സംവിധാനങ്ങളിലൂടെയും ഓൺലൈൻ ഫാർമസികളിലൂടെയും ഗർഭച്ഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്നത് വഴി, ആരോഗ്യ രംഗത്തെ വീഴ്ച മൂലം നിരവധി സ്ത്രീകൾ വീടുകളിൽ നേരിടുന്ന അപകടസാധ്യതകൾ വർദ്ധിച്ചിട്ടുണ്ടെന്ന് മെത്രാന്‍ സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലിയും പ്രോ-ലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡാനിയൽ ഇ. തോമസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ജീവന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത അപേക്ഷിച്ച് പ്രാർത്ഥിക്കാനും, മരുന്ന് നിർമ്മാതാക്കൾക്കും ഫാർമസികൾക്കും പ്രതിഷേധ സന്ദേശങ്ങൾ അയച്ച് തങ്ങളുടെ നിലപാട് അറിയിക്കാനും സഭ വിശ്വാസികളോട് ആവശ്യപ്പെട്ടു. 2022-ൽ അമേരിക്കൻ സുപ്രീം കോടതി ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ അവകാശം റദ്ദാക്കിയെങ്കിലും, അനായാസമായി ലഭ്യമാകുന്ന ഇത്തരം മരുന്നുകള്‍ കാരണം ഭ്രൂണഹത്യ നിരക്കിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















