India - 2026

ഉദയ്‌പുർ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ കാലം ചെയ്തു

പ്രവാചകശബ്ദം 05-10-2026 - Monday

ന്യൂഡൽഹി: ഉദയ്‌പുർ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ എസ്‌വിഡി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 11.45ന് ഉദയ്‌പുരിലെ സെൻ്റ് തെരേസാസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഉദയ്പുരിലെ ബിഷപ്‌സ് ഹൗസിൽ വച്ച് അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരശുശ്രൂഷകൾ ബുധനാഴ്‌ച രാവിലെ പത്തിന് ഉദയ്‌പുർ ഔർ ലേഡി ഓഫ് ഫാത്തിമ കത്തീഡ്രലിൽ നടക്കും. 2009 മുതൽ 2012 വരെ ജാബുവയിൽ ബിഷപ്പായിരുന്നു. തുടർന്ന് 2012ലാ ണ് ഉദയ്‌പുർ ബിഷപ്പായി നിയമിതനായത്.

1951 ഡിസംബർ എട്ടിന് മധ്യപ്രദേശിലെ ജാബുവയിൽ ജനിച്ച അദ്ദേഹം 1974ൽ സൊസൈറ്റി ഓഫ് ദ ഡിവൈൻ വേഡ് (എസ്‌പിഡി) സന്യാസ സമൂഹത്തില്‍ ചേർന്ന് ആദ്യവ്രതവാഗ്‌ദാനം നടത്തി. പൂന ജ്ഞാനദീപ വിദ്യാപീഠത്തിൽ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയശേഷം 1982 ഒക്ടോബർ 27നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇൻഡോർ ഗവ. കോളജിൽ നിന്ന് ബിഎ, എംഎ ബിരുദങ്ങളും നേടിയിട്ടുണ്ട്. ഖാണ്ഡ്വ, ഖാർഗോൺ, റാണാപ്പുർ എന്നിവിടങ്ങളിൽ വികാരിയായും വിവിധ സെമിനാരികളിൽ റെക്‌ടറായും സേവനമനുഷ്ഠിച്ച അദ്ദേഹം 2009ലാണ് ജാബുവ രൂപതയുടെ ബിഷപ്പായി നിയമിതനായത്.


Related Articles »