News
ഡൊണാള്‍ഡ് ട്രംപിന് വേണ്ടി വൈറ്റ് ഹൗസില്‍ പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ മെത്രാന്മാര്‍
പ്രവാചകശബ്ദം 23-10-2026 - Friday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവെച്ച് പ്രാര്‍ത്ഥനയുമായി കത്തോലിക്ക മെത്രാന്മാര്‍. ഡെൻവർ ആർച്ച് ബിഷപ്പ് ജെയിംസ് ഗോൾകയും ഏഴോളം മറ്റ് കത്തോലിക്കാ മെത്രാന്മാരും പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രാര്‍ത്ഥിച്ചത്. രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളിലെ നേതാക്കളുമായി നടത്തിവരുന്ന ആശയവിനിമയത്തിന്റെ ഭാഗമായാണ് വൈറ്റ് ഹൗസ് 'വിശ്വാസ കാര്യാലയം' ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന്, വൈറ്റ് ഹൗസ് ഫെയ്ത്ത് ഡയറക്ടർ ജെന്നി കോൺ 'ഇ.ഡബ്ല്യു.ടി.എൻ. ന്യൂസിനോട്' പറഞ്ഞു.
മെത്രാന്‍ സംഘവും കത്തോലിക്ക പ്രതിനിധികളും ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യം, വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിന്റെ പങ്ക്, വിശ്വാസപരമായ ആവശ്യങ്ങൾക്കായുള്ള വിസകൾ, ജീവന്റെ സംരക്ഷണം സംബന്ധിച്ച നയങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി ജെന്നി കോൺ അറിയിച്ചു. ചര്‍ച്ച അവസാനിപ്പിക്കുന്നതിന് തൊട്ട് മുന്‍പാണ് ആർച്ച് ബിഷപ്പ് ജെയിംസ് ഗോൾകയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് ബിഷപ്പുമാരും ചേർന്ന്, ഓവൽ ഓഫീസിലെ പ്രശസ്തമായ 'റെസല്യൂട്ട് ഡെസ്കിന്' ചുറ്റും നിന്നു ട്രംപിനു വേണ്ടി പ്രാര്‍ത്ഥിച്ചത്. മനോഹരമായ രാഷ്ട്രം, ഗവൺമെന്റ്, പ്രസിഡന്റ് എന്നിങ്ങനെയുള്ള ദാനങ്ങൾ നൽകിയ ദൈവത്തിന് നന്ദി അര്‍പ്പിച്ചുക്കൊണ്ടും, ട്രംപിന് ദൈവീക കൃപകള്‍ ലഭിക്കാനായി യാചിച്ചുക്കൊണ്ടുമായിരിന്നു പ്രാര്‍ത്ഥന.
ലോസ് ഏഞ്ചൽസിലെ മാരോണൈറ്റ് ബിഷപ്പ് അബ്ദല്ല ഏലിയാസ് സെയ്ദാൻ, ഡാലസിലെ ബിഷപ്പ് എഡ്വേർഡ് ബേൺസ്, ന്യൂ മെക്സിക്കോയിലെ ഗാലപ്പിൽ നിന്നുള്ള ബിഷപ്പ് ജെയിംസ് വാൾ, കാൻസാസ് സിറ്റിയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് ജോസഫ് നൗമാൻ, അയോവയിലെ ഡെസ് മോയിൻസിൽ നിന്നുള്ള ബിഷപ്പ് വില്യം ജോൻസെൻ, മിൽവാക്കിയിലെ ആർച്ച് ബിഷപ്പ് ജെഫ്രി ഗ്രോബ്, കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ നിന്നുള്ള ബിഷപ്പ് മൈക്കൽ ബാർബർ എന്നിവർ ഉള്‍പ്പെടുന്ന സംഘമാണ് കൂടിക്കാഴ്ച നടത്തി പ്രസിഡന്‍റിന് വേണ്ടി പ്രാര്‍ത്ഥിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















