News - 2026

“ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറി”; നവംബർ 24ന് പുസ്തകം പ്രസിദ്ധീകരിക്കും

പ്രവാചകശബ്ദം 05-10-2026 - Monday

വത്തിക്കാന്‍ സിറ്റി: വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് രചിച്ച ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ (The Private Diary of Pope Francis) എന്ന പുസ്തകം നവംബർ 24-ന് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കും. 1992 മുതൽ 2024 വരെയുള്ള കാലയളവിൽ മുന്‍ പാപ്പ കുറിച്ചുവെച്ച കുറിപ്പുകളിലൂടെ പാപ്പയുടെ പില്‍ക്കാല ആന്തരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരിക്കും പുസ്തകമെന്ന് കരുതപ്പെടുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്.

1992 ഡിസംബർ 20 മുതൽ 2024 ഓഗസ്റ്റ് 18 വരെയുള്ള കാലഘട്ടത്തിൽ ജോർജ്ജ് മരിയോ ബെർഗോളിയോ സൂക്ഷിച്ച കുറിപ്പുകൾ ഉൾപ്പെടുത്തിയും വിശകലനം ചെയ്തുമാണ് പുസ്തകം ഒരുക്കിയിരിക്കുന്നതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 മാർച്ച് 13 മുതൽ 2025 ഏപ്രിൽ 21-ന് നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നത് വരെ കത്തോലിക്കാ സഭയെ നയിച്ച ജെസ്യൂട്ട് മാർപാപ്പയുടെ വ്യക്തിത്വത്തെയും ആത്മീയ ആന്തരിക ജീവിതത്തെയും കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കുവാന്‍ പുസ്തകം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

നവംബർ 24-ന് ഒരേസമയം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 94 രാജ്യങ്ങളിൽ ഈ പുസ്തകം വിതരണത്തിനെത്തും. ഇറ്റാലിയൻ പതിപ്പ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസും സ്പാനിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ് പതിപ്പുകൾ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ശാഖകളും ഫ്രഞ്ച് പതിപ്പ് എഡിഷൻസ് ആൽബിൻ മൈക്കലും പ്രസിദ്ധീകരിക്കും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »