News

അമോരിസ്‌ ലെത്തീസ്യയ്ക്കു ഒരു പതിറ്റാണ്ട്: പാപ്പയുടെ സന്ദേശവുമായി കർദ്ദിനാൾ ഡീന്‍

പ്രവാചകശബ്ദം 14-10-2026 - Wednesday

വത്തിക്കാന്‍ സിറ്റി: കുടുംബജീവിതവും ദാമ്പത്യ സ്നേഹവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയ "അമോരിസ്‌ ലെത്തീസ്യ"യുടെ പത്താം വാർഷികത്തില്‍ അനുസ്മരണവുമായി വത്തിക്കാന്‍. ഇന്നു ഒക്ടോബർ 14 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിന് ലെയോ പതിനാലാമൻ പാപ്പായ്ക്ക് പകരം കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീൻ കർദ്ദിനാൾ ലൂയിസ് ടാഗ്ലെ കാര്‍മ്മികത്വം വഹിച്ചു. ശ്വാസകോശ സംബന്ധമായ ശസ്ത്രക്രിയയെ തുടര്‍ന്നു റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയിലായിരിക്കുന്ന പരിശുദ്ധ പിതാവിന്റെ അസാന്നിധ്യത്തിൽ അർപ്പിച്ച വേളയിലാണ്, പാപ്പ പറയേണ്ടിയിരുന്ന പ്രസംഗം അദ്ദേഹം വായിച്ചത്.

കുടുംബ ജീവിതത്തിന്റെ അടിത്തറ യഥാർത്ഥ സ്നേഹമാണെന്നും, കുടുംബങ്ങളിൽ വിശ്വാസം ജീവിക്കുന്നതും ക്രൈസ്തവസ്നേഹം ആഴത്തിൽ വേരൂന്നന്നതും ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പ സന്ദേശത്തില്‍ പറഞ്ഞു. കുടുംബങ്ങളിൽ ജീവിക്കപ്പെടുന്ന സ്നേഹത്തിന്റെ സന്തോഷം സഭയുടെ കൂടി ആനന്ദമാണ്. കുടുംബജീവിതത്തിൽ ദമ്പതികളുടെ വ്യക്തിത്വങ്ങൾ ഇല്ലാതാകുകയല്ല, സ്നേഹത്തിലൂടെയും പരസ്പര സമർപ്പണത്തിലൂടെയും കൂടുതൽ പൂർണ്ണത പ്രാപിക്കുകയാണെന്നും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

വിവാഹത്തിനായി തയ്യാറാകുന്ന യുവതീയുവാക്കൾ സ്നേഹത്തിന്റെയും പരസ്പരമുണ്ടാകേണ്ട ഉത്തരവാദിത്വത്തിന്റെയും മൂല്യങ്ങൾ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയ പാപ്പ, ഇതിൽ, കുടുംബങ്ങളിൽനിന്ന് ലഭിക്കുന്ന മാതൃകയുടെ പ്രാധാന്യം പ്രത്യേകം പരാമർശിച്ചു. വിശുദ്ധിയും പരസ്പര ബഹുമാനവും ക്രൈസ്തവ വിവാഹജീവിതത്തിലെ പ്രധാന മൂല്യങ്ങളാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവന്റെ മൂല്യവും അന്തസ്സും ആദരിക്കുന്നതിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കും മുൻഗണന നൽകുന്നതിലും കുടുംബങ്ങൾക്കുള്ള ഉത്തരവാദിത്വവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞിരുന്നു.

കുടുംബങ്ങളെയും ദാമ്പത്യജീവിതത്തെയും കുറിച്ച് വത്തിക്കാനിൽ നടന്ന രണ്ട് മെത്രാൻ സിനഡുകളുടെ തീരുമാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനമാണ് 'അമോരിസ്‌ ലെത്തീസ്യ'. ലത്തീൻ ഭാഷയിലുള്ള ഈ പേരിന്റെ അർത്ഥം "സ്നേഹത്തിന്റെ ആനന്ദം" (The Joy of Love) എന്നാണ്. 2016-ലാണ് അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »