News - 2026
ലെയോ പാപ്പയ്ക്കു കൂടുതൽ ചികിത്സകൾ ആവശ്യമില്ലെന്ന് മെഡിക്കല്‍ സംഘം
പ്രവാചകശബ്ദം 22-10-2026 - Thursday
വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ പരിശുദ്ധ പിതാവിന്റെ പരിശോധനാഫലങ്ങൾ പുറത്തുവന്നു. പാപ്പയ്ക്ക് കൂടുതൽ ചികിത്സകൾ ആവശ്യമില്ലെന്നും ശസ്ത്രക്രിയയെ തുടര്‍ന്നു നീക്കം ചെയ്ത ഭാഗത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ ഇക്കാര്യം അറിയിച്ചതായും വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയതോടെ കഴിഞ്ഞ ശനിയാഴ്ച പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തിയിരിന്നു.
ഒക്ടോബർ 13 ചൊവ്വാഴ്ച റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയിൽവച്ച് നീക്കം ചെയ്ത, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയിൽ, അവിടെയുണ്ടായിരുന്ന മുഴ ശ്വാസകോശ അഡിനോകാർസിനോമ ആയിരുന്നുവെന്നും പരിമിതമായ ഇടത്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും, മുൻപുതന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു. ഡോ. ലൂയിജി കാർബോണെ, പ്രൊഫസർ സ്റ്റെഫനോ മാർഗരിത്തോറ എന്നിവരാണ് പരിശുദ്ധ പിതാവിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടു നടത്തിയ ഓങ്കോളജി പരിശോധനയുടെ അടിസ്ഥാനത്തിൽ, പരിശുദ്ധ പിതാവിന് കൂടുതൽ ചികിത്സ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചത്.
ശസ്ത്രക്രിയയുടെ ഭാഗമായി നീക്കം ചെയ്ത ഭാഗത്തെ കേന്ദ്രീകരിച്ചുള്ള സൂക്ഷ്മപരിശോധന, കോശങ്ങളിലെ ജനിതകമാറ്റങ്ങൾ പരിശോധിക്കുന്ന മോളിക്യുലാർ പരിശോധനാ എന്നിവയുടെ ഫലങ്ങളാണ് പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ശ്വാസകോശത്തിലുണ്ടായിരുന്ന മുഴ പരിമിതമാണെന്നും കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഇതോടെ പാപ്പ നിലവില്‍ പദ്ധതിയിട്ടിരിക്കുന്ന തെക്കേ അമേരിക്കന്‍ അപ്പസ്തോലിക യാത്ര നടക്കുമെന്നാണ് സൂചന. യാത്ര റദ്ദുചെയ്യേണ്ട ക്ലിനിക്കൽ വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലെന്ന് പ്രൊഫസർ സ്റ്റെഫനോ മാർഗരിത്തോറ അറിയിച്ചിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















