India - 2026

കുട്ടികൾക്ക് മദ്യം നൽകിയതിൽ എന്തുക്കൊണ്ട് കേസെടുത്തില്ല?; വിമര്‍ശനവുമായി കെസിബിസി മദ്യ വിരുദ്ധ സമിതി

പ്രവാചകശബ്ദം 23-10-2026 - Friday

കൊച്ചി: 18 വയസിന് താഴെയുള്ള കുട്ടികൾക്ക് മദ്യം നൽകിയതിൽ അബ്‌കാരി നിയമപ്രകാരം നടപടിയെടുക്കാൻ എക്സൈസും പൊലിസും തയാറാകുന്നില്ലെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി. എറണാകുളം കളമശേരിയിലെ ബാറിലും കോട്ടയം പാലായിലെ ബാറിലും കുട്ടികൾക്ക് മദ്യം നൽകുകയും സംഘർഷം ഉണ്ടാവുകയും ചെയ്‌തിരുന്നു. ഇതിൽ പൊലിസും എക്സൈസും നടപടി എടുത്തില്ല എന്നാണ് കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിളയുടെ ആരോപണം.

ബാറിലിരിക്കുന്നതിനും മദ്യം വാങ്ങുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കണം. ദിനംപ്രതി നിശ്ചിത ശതമാനം രൂപയ്ക്ക് മദ്യപിക്കുന്നവരെ ബിപിഎൽ ലിസ്റ്റിൽ നിന്നും ഒഴിവാക്കണം. പട്ടിണിപാവങ്ങൾ പണിയെടുത്ത് സർക്കാരിന് വരുമാനവും വ്യക്തിക്ക് ആരോഗ്യക്ഷയവുമുണ്ടാക്കുകയാണ്.

മരുന്നിനും കുടിവെള്ളത്തിനും പെട്രോളിനും ഡീസലിനും ഭക്ഷ്യവസ്‌തുക്കൾക്കും ക്ഷാമമുണ്ടായാലും അത് ബാധിക്കാത്ത ഏക വസ്‌തു ആരോഗ്യവും മനസും സാമ്പത്തികവും ക്ഷയിപ്പിക്കുന്ന മദ്യം മാത്രമാണ്. മദ്യത്തിന് ലൈസൻസുണ്ടെങ്കിലും മദ്യം വാങ്ങാൻ അനുമതിയില്ലാത്ത കുട്ടികൾ കള്ളുഷാപ്പുകളിലുൾപ്പെടെ ഇപ്പോഴും മദ്യപിക്കാൻ കയറുന്നുണ്ടെന്നും ഓപ്പറേഷൻ തൂഫാൻ നടപടി ഈ കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.


Related Articles »