Faith And Reason - 2025

സാത്താൻറെ അധികാരം ക്രമേണ ക്രിസ്തു തകർക്കുന്നു

ഫാ. ഗബ്രിയേൽ അമോർത്തിന്റെ കൃതികളിൽ നിന്നും 03-11-2015 - Tuesday

പലപ്പോഴും സൃഷ്ടിയെക്കുറിച്ച് നമുക്ക് തെറ്റായ കാഴ്ചപ്പാടുകളാണ്  ഉള്ളത്.താഴെപ്പറയുന്ന തെറ്റായ ക്രമമാണ് ചിലരുടെയെങ്കിലും മനസ്സിൽ  പതിഞ്ഞിരിക്കുന്നത്.ഒരു ദിവസം ദൈവം മാലാഖയെ സൃഷ്ടിച്ചെന്നും, അവിടുന്ന് അവരെ ഏതോ പരീക്ഷണത്തിന്  വിധേയമാക്കിയെന്നും  (ഏത് പരീക്ഷണമാണെന്ന്  വ്യക്തമല്ല.)അതിൻറെ  ഫലമായി മാലാഖമാരെന്നും, പിശാചുക്കളെന്നുമുള്ള വേർതിരിവുണ്ടായെന്നും  മാലാഖമാർക്ക് സമ്മാനമായി സ്വർഗ്ഗവും പിശാചുക്കൾക്ക് ശിക്ഷയായി നരകവും നൽകപ്പെട്ടുവെന്നും  പലരും വിശ്വസിക്കുന്നു.

പിന്നെ, മറ്റൊരു ദിവസം ദൈവം പ്രപഞ്ചത്തെയും  ധാതുജലങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയും അവസാനം മനുഷ്യനേയും  സൃഷ്ടിച്ചെന്നും നാം വിശ്വസിക്കുന്നു. ഏദൻ തോട്ടത്തിൽ വെച്ച് ആദവും ഹവ്വയും സാത്താനെ അനുസരിക്കുകയും ദൈവത്തോട് അനുസരണക്കേട്  കാട്ടുകയും ചെയ്തു.അങ്ങനെ അവർ പാപം  ചെയ്തു.  ഈ സമയത്ത് മനുഷ്യ കുലത്തെ രക്ഷിക്കുന്നതിനായി തൻറെ  പുത്രനെ അയക്കാൻ  ദൈവം തീരുമാനിച്ചു. ഇതല്ല, വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്, സഭാപിതാക്കന്മാരും  ഇപ്രകാരം പഠിപ്പിക്കുന്നില്ല. ഇങ്ങനെയായിരുന്നെങ്കിൽ മാലാഖമാരും സൃഷ്ട വസ്തുക്കളും ക്രിസ്തുരഹസ്യത്തിനു അപരിചിതമാകുമായിരുന്നു.

യോഹന്നാൻറെ സുവിശേഷത്തിലെ ആമുഖത്തിലും എഫേസൂസുകാർക്കും കൊളോസോസിലെ സഭയ്ക്കും എഴുതപ്പെട്ട ലേഖനങ്ങളുടെ ആരംഭമായ രണ്ടു "ക്രിസ്തു ശാസ്ത്ര സ്തുതിഗീതങ്ങളിലും" നാം കാണുന്നത് ക്രിസ്തു എല്ലാ സൃഷ്ടികൾക്കും  മുൻപുള്ള  ആദ്യജാതനാണ്" (കൊളോ1:15) എന്നാണ്. സകലതും സൃഷ്ടിക്കപ്പെട്ടത് അവനു വേണ്ടിയും അവനെ പ്രതീക്ഷിച്ചു കൊണ്ടുമാണ്. ആദത്തിൻറെ പാപം കൂടാതെ ക്രിസ്തു ജനിക്കുമായിരുന്നോ  എന്നു  ചോദിക്കുന്ന ദൈവശാസ്ത്ര ചർച്ചകളെല്ലാം അർത്ഥശൂന്യമാണ്. ക്രിസ്തുവാണ്‌ സകല സൃഷ്ടികളുടെയും കേന്ദ്രം. എല്ലാ സൃഷ്ടികളും സ്വർഗ്ഗീയവും (മാലാഖമാർ) ഭൗതികവും (മനുഷ്യർ) അവനിൽ പൂർണ്ണത  കണ്ടെത്തുന്നു. മറുവശത്ത് നമുക്ക് ഒരു കാര്യം  ഉറപ്പിക്കാം.- ആദ്യ മാതാപിതാക്കളുടെ പാപം മൂലം ക്രിസ്തുവിൻറെ  ആഗമനം വ്യത്യസ്തമായൊരു ദൗത്യമായി;  അവിടുന്നു രക്ഷകനായി വന്നു. അവിടുത്തെ ദൗത്യത്തിൻറെ  അന്തസത്ത പെസഹാ രഹസ്യത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. തൻറെ  കുരിശിലെ രക്തത്താൽ സ്വർഗ്ഗത്തിലും (മാലാഖാമാർ) ഭൂമിയിലുമുള്ള  (മനുഷ്യർ) സകലത്തെയും അവിടുന്ന് ദൈവത്തോട് അനുരഞ്ജനപ്പെടുത്തി. സകല സൃഷ്ടികളുടെയും സ്ഥാനം ഈ ക്രിസ്തുകേന്ദ്രീകൃത അറിവിനെ ആശ്രയിച്ചിരിക്കുന്നു. 

പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള   ഒരു ധ്യാനം നമുക്ക് ഒഴിവാക്കാനാവില്ല. മാംസമായ വചനമാണ് സൃഷ്ടികളിൽ ആദ്യജാതനെങ്കിൽ, മറ്റുസകല  സൃഷ്ടികൾക്കും  മുമ്പേ  മനുഷ്യാവതാരത്തിൽ  കാരണമാകാനിരുന്നവളും  ദൈവികചിന്തയിൽ ഉണ്ടായിരുന്നിരിക്കണം. ഇതിൽനിന്നാണ്  പരിശുദ്ധ  ത്രിത്വവുമായുള്ള മറിയത്തിന്റെ അതുല്യമായ ബന്ധം ഉത്ഭവിക്കുന്നത്. മാലാഖമാരുടെയും  പിശാചുക്കളുടെയും മേലുള്ള ക്രിസ്തുവിൻറെ  സ്വാധീനത്തെക്കുറിച്ചും നാം തീർച്ചയായും പരാമർശിക്കേണ്ടിയിരിക്കുന്നു.

മാലാഖാമാരെക്കുറിച്ച് പറയുമ്പോൾ ചില ദൈവ ശാസ്ത്രജ്ഞർ  വിശ്വസിക്കുന്നത്  അവർക്ക്   ദൈവദർശനം ലഭ്യമായത് കുരിശിൻറെ രഹസ്യത്തിൻറെ  യോഗ്യതയാൽ  ആണെന്നാണ്.ധാരാളം സഭാപിതാക്കന്മാരോടും ഹൃദയഹാരിയായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.  ഉദാഹരണത്തിന് "മാലഖമാരുടെ രക്ഷ ക്രിസ്തുവിൻറെ  രക്തത്തോട് കടപ്പെട്ടിരിക്കുന്നു" എന്ന് വിശുദ്ധ  അത്തനേഷ്യസ് എഴുതുന്നു. പിശാചുക്കളെക്കുറിച്ചുള്ള  ധാരാളം പരാമർശങ്ങൾ സുവിശേഷങ്ങൾ നമുക്ക് നല്കുന്നു. ക്രിസ്തു തൻറെ കുരിശിലൂടെ  സാത്താൻറെ  ഭരണത്തെ കീഴടക്കിയെന്നും ദൈവത്തിൻറെ  ഭരണം സ്ഥാപിച്ചുവെന്നും  അവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. പിശാചുക്കൾ ബാധിച്ചിരുന്ന ഗദറായക്കാർ പറഞ്ഞു: "നീ, എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? സമയത്തിനു മുമ്പ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ?" (മത്തായി 8 :29 ).

സാത്താൻറെ  അധികാരം ക്രമേണ  ക്രിസ്തു തകർക്കുന്നു എന്ന വസ്തുതയുടെ വ്യക്തമായ പരാമർശമാണിത്. അതുകൊണ്ട് സാത്താൻറെ  അധികാരം ഇപ്പോഴും നിലനില്ക്കുന്നു. നമ്മുടെ രക്ഷ പൂർത്തിയാകുന്നതുവരെ അത് തുടരുകയും ചെയ്യും. "എന്തെന്നാൽ നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകൽ ദൈവസമക്ഷം അവരെ പഴി പറയുകയും ചെയ്തിരുന്നവർ വലിച്ചെറിയപ്പെട്ടു." (വെളി: 12:10) രക്ഷാകരപ്രവൃത്തിയുടെ പ്രഖ്യാപനം മുതൽ, സാത്താൻറെ   ശത്രുവായ മറിയത്തിൻറെ ദൗത്യത്തെക്കുറിച്ച് കൂടുതൽ  വിവരണങ്ങൾ ഫാദർ കാൻഡിഡോ  അമന്തീനിയുടെ  "ഇൽ  മിസ്റ്റെരൊ  ഡി മരിയ" (നേപ്പിൾസ്  ദെഹോനിയാനേ, 1971) എന്ന പുസ്തകത്തിൽ കാണാവുന്നതാണ്. ക്രിസ്തുവിൻറെ  പ്രഥമസ്ഥാനത്തിൻറെ വെളിച്ചത്തിൽ സകലതിനെയും  നാം  വീക്ഷിക്കുകയാണെങ്കിൽ "അവനു വേണ്ടിയും അവനിലൂടെയും" സകലത്തെയും സൃഷ്ടിച്ച ദൈവത്തിൻറെ പദ്ധതി നമുക്ക് കാണാൻ സാധിക്കും. കൂടാതെ ശത്രുവും പ്രലോഭകനും  കുറ്റപ്പെടുത്തുന്നവനുമായ  സാത്താൻറെ  പ്രവൃത്തികളും നമുക്ക് കാണാം. അവൻറെ  പ്രലോഭനത്തെത്തുടർന്നു  തിന്മയും വേദനയും പാപവും മരണവും ലോകത്തിൽ പ്രവേശിച്ചു. ഈ സന്ദർഭത്തിലാണ്  ക്രിസ്തു തൻറെ രക്തം വിലയായി നൽകി  പൂർത്തിയാക്കിയ ദൈവിക പദ്ധതിയുടെ പുനരുദ്ധാരണം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്‌.  

Source: ഫാ. ഗബ്രിയേൽ അമോർത്തിന്റെ കൃതികളിൽ നിന്നും


Related Articles »