India - 2025
നിരാലംബരെ സഹായിക്കുമ്പോള്‍ യേശുവിനെ തന്നെയാണ് ശുശ്രൂഷിക്കുന്നത്: മാര്‍ പോളി കണ്ണൂക്കാടന്‍
സ്വന്തം ലേഖകന്‍ 23-02-2017 - Thursday
ചാലക്കുടി: വിശക്കുന്നവനോടും ദാഹിക്കുന്നവനോടും തടവുകാരനോടും കരുണ കാണിക്കുമ്പോൾ അർദ്ധ നഗ്നനായ, മുറിവുകളാൽ നിറയ്ക്കപ്പെട്ട യേശുവിനെയാണു ശുശ്രൂഷിക്കുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. 28-ാമത് പോട്ട ദേശീയ ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
"മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുന്ന, വിശ്വാസത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദൈവത്തിൽ ആശ്രയിച്ച്, വേദനാജനകമായ നിമിഷങ്ങളിൽ നിരാശപ്പെടാതെ, ആത്മസംയമനം വിടാതെ പ്രതികരിക്കാൻ നമ്മുക്ക് കഴിയണം. കുടുംബങ്ങളെ മൂല്യങ്ങളിൽനിന്നും വ്യതിചലിപ്പിച്ച് വഴിതെറ്റിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു ജാഗ്രതയോടെ കാണണം. ഒളിയമ്പുകളിലൂടെ അപകടങ്ങളിലും കെണിയിലും പെടുത്താൻ നിരവധി പേരുണ്ട്".
"നിയമത്തേക്കാൾ മനുഷ്യന്റെ നന്മയാണു ദൈവം ആഗ്രഹിക്കുന്നത്. പാപങ്ങളെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന മനോഭാവമാണ് ഈശോ പഠിപ്പിക്കുന്നത്. വിശക്കുന്നവനോടും ദാഹിക്കുന്നവനോടും തടവുകാരനോടും കരുണ കാണിക്കുമ്പോൾ അർദ്ധ നഗ്നനായ, മുറിവുകളാൽ നിറയ്ക്കപ്പെട്ട യേശുവിനെയാണു ശുശ്രൂഷിക്കുന്നത്". ബിഷപ്പ് പറഞ്ഞു.
ഇന്നു അട്ടപ്പാടി സെഹിയോൻ മിനിസ്ട്രി ഡയറക്റ്റര്‍ ഫാ. സേവ്യർഖാൻ വട്ടായിൽ വചനശുശ്രൂഷ നയിക്കും. എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ദിവ്യബലിക്കു കാർമികത്വം വഹിക്കും. കണ്വെന്ഷന് ഞായറാഴ്ച സമാപിക്കും.