
കൊച്ചി: കേരളസഭയുടെ കൂട്ടായ്മയുടെയും സാംസ്കാരിക പരിപോഷണത്തിന്റെയും സാക്ഷ്യമാണു പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ (പിഒസി) എന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.കെസിബിസി ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയുടെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"50 വർഷക്കാലം സഭയേയും സമൂഹത്തേയും ഐക്യപ്പെടുത്തുന്ന കേന്ദ്രമായി മാറുന്നതിനുള്ള നിയോഗം ഫലപ്രദമായി നിർവഹിക്കുകയായിരുന്നു പിഒസി. ഭാരതസഭയിൽ കേരളത്തിലെ സഭയുടെ നേതൃത്വപരമായ സ്ഥാനത്തിനു പിഒസി വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രഥമ ഡയറക്ടർ റവ. ഡോ. ജോസഫ് കണ്ണത്ത് ഉൾപ്പെടെ നാളിതുവരെ ഇവിടെ സേവനം ചെയ്ത വൈദികരെയും മറ്റുള്ളവരെയും നന്ദിയോടെ സ്മരിക്കേണ്ട അവസരമാണു ജൂബിലി ആഘോഷം".
"ഏവർക്കും കുടുംബാനുഭവത്തിന്റെ നന്മ അനുഭവിക്കാൻ പിഒസിയിലൂടെ സാധിക്കുന്നു. ബൈബിൾ പ്രേഷിതരംഗത്തു പിഒസി നിർവഹിച്ച ശുശ്രൂഷകൾ അവിസ്മരണീയമാണ്. മുൻകാലങ്ങളിൽ പിഒസി കേന്ദ്രമായി നടന്ന സാഹിത്യ ശില്പശാലകൾ, ശിബിരങ്ങൾ എന്നിവയിലൂടെ ക്രൈസ്തവ എഴുത്തുകാർക്കു വലിയതോതിൽ പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്. കല, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ കേരളസഭയുടെ ക്രൈസ്തവസാക്ഷ്യം കൂടുതൽ ശക്തമാകേണ്ടത് ആവശ്യമാണ്". കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരളസഭയ്ക്കെന്നപോലെ പൊതുസമൂഹത്തിനും ദിശാബോധം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള പിഒസി, മാറിയ കാലഘട്ടത്തിന്റെ സവിശേഷതകൾക്കനുസരിച്ച് അതിന്റെ ധർമം ഫലപ്രദമായി നിർവഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഒസി സ്ഥാപകനും ആദ്യ ഡയറക്ടറുമായിരുന്ന റവ. ഡോ. ജോസഫ് കണ്ണത്തിനു കെസിബിസിയുടെ പ്രഥമ കേരള സഭാരത്നം പുരസ്കാരം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ചു.
കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, ബിഷപ് ഡോ. ജോസഫ് കരിയിൽ, പി.ടി. തോമസ് എംഎൽഎ, കോർപറേഷൻ കൗണ്‍സിലർ ഡി. വൽസലകുമാരി. പിഒസി ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, സിസിഐ വൈസ് പ്രസിഡന്റ് ഡോ. മേരി റെജീന, കെസിസി സെക്രട്ടറി വി.സി. ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു. ധരണി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിച്ച നൃത്തശില്പത്തോടെയാണു ജൂബിലി വർഷ ഉദ്ഘാടന പരിപാടികൾ സമാപിച്ചത്.