India - 2025

അനീതിയ്ക്കെതിരെ പൊരുതേണ്ടത്‌ ക്രൈസ്‌തവ ധര്‍മം: മാര്‍ ക്രിസോസ്‌റ്റം

സ്വന്തം ലേഖകന്‍ 15-02-2017 - Wednesday

കോഴഞ്ചേരി: മനുഷ്യനെ മനുഷ്യനായി കാണുവാനാണ്‌ ആദ്യം പഠിക്കേണ്ടതെന്നും അനീതിയ്ക്കെതിരെ പൊരുതേണ്ടത്‌ ക്രൈസ്‌തവ ധര്‍മമാണെന്നും ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ജനങ്ങള്‍ക്കും അടിസ്‌ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സുവിശേഷത്തിന്റെ ഭാഗമാണ് എന്ന്‍ അദ്ദേഹം തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

"ആധുനിക കാലത്ത്‌ മനുഷ്യന്‌ പ്രകൃതിയോടുള്ള മനോഭാവത്തില്‍ അടിസ്‌ഥാനപരമായ മാറ്റം ആവശ്യമാണ്‌. അത്ത്യാര്‍ത്തിയുള്ള മനുഷ്യന്റെ ഇടപെടലുകളാണ്‌ നദികളില്‍ വെള്ളമില്ലാതാകുകയും പാരിസ്‌ഥിതിക തകര്‍ച്ചയ്‌ക്ക്‌ ഇടയാകുകയും ചെയ്യുന്നത്‌. മറ്റുള്ളവരെ കരുതുന്നതോടൊപ്പം പ്രകൃതിയെക്കൂടി കരുതുന്ന ദര്‍ശനം ഉണ്ടെങ്കില്‍ മാത്രമേ പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാകൂ. അത്തരം നന്മയ്‌ക്കുവേണ്ടിയാണ്‌ മാരാമണ്‍ കണ്‍വന്‍ഷന്‍". അദ്ദേഹം പറഞ്ഞു.

പലപ്പോഴും ക്രിസ്‌ത്യാനികള്‍ പള്ളിയിലും ഞായറാഴ്‌ചകളിലും മാത്രമായി ചുരുക്കിക്കാണുകയാണ്‌. എന്നും എല്ലാവര്‍ക്കും സമാധാനവും സന്തോഷവും രക്ഷയും ലഭ്യമാക്കാനുള്ള ചുമതലയാണ്‌ ക്രൈസ്‌തവ സമൂഹത്തിന്‌ ഉള്ളതെന്നും മാര്‍ ക്രിസോസ്‌റ്റം പറഞ്ഞു. കണ്‍വെന്‍ഷനിലെ ഇന്നലത്തെ പരിപാടികളില്‍ ഗീവര്‍ഗീസ്‌ മാര്‍ സ്‌തേഫാനോസ്‌ എപ്പിസ്‌കോപ്പാ അധ്യക്ഷനായി. ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ജില്ലാ കലക്‌ടര്‍ ആര്‍. ഗിരിജ, മെത്രാപ്പോലീത്തമാര്‍, സുവിശേഷ പ്രസംഗ സംഘം സെക്രട്ടറി റവ. ജോര്‍ജ്‌ വര്‍ഗീസ്‌ പുന്നയ്‌ക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 46