
തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മറവിൽ എയ്ഡഡ് വിദ്യാലയങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കെഇആർ പരിഷ്കരണം നിലവിൽ വന്ന സാഹചര്യം വിലയിരുത്താൻ തൃശൂർ ബിഷപ്സ് ഹൗസിൽ വിളിച്ചുചേർത്ത കാത്തലിക് സ്കൂൾ മാനേജർമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ചട്ടങ്ങളിലെ പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങൾക്കു നേരേയുള്ള കടന്നുകയറ്റമാണ്. ഒരു വിഭാഗം അധ്യാപകർക്കു ദിവസവേതനം പോലും ലഭിക്കാത്തതു ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ബ്രോക്കണ്‍ സർവീസ് സംബന്ധിച്ച പെൻഷൻ ഭേദഗതി പ്രതിഷേധാര്‍ഹമാണ്. ബിഷപ് പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കരിവേലിക്കൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. ആന്റണി ചെമ്പകശേരി, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി സാലു പതാലിൽ, പി.ഡി. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.