India
കന്ധമാൽ കലാപം: മനുഷ്യാവകാശ കമ്മീഷന് യാഥാർഥ്യം മറച്ചുവെക്കാന്‍ ശ്രമിച്ചെന്ന് ആന്റോ അക്കര
സ്വന്തം ലേഖകന്‍ 21-02-2017 - Tuesday
കോട്ടയം: കന്ധമാലിലെ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട സംഭവത്തിൽ യാഥാർഥ്യം മറച്ചുവക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനും ശ്രമിച്ചെന്നു പ്രശസ്ത മാധ്യമ പ്രവർത്തകനും പുസ്തക രചയിതാവുമായ ആന്റോ അക്കര. കോട്ടയം ഡിസി ബുക്സ് ഓഡിറ്റോറിയത്തില്‍ "ഹു കിൽഡ് സ്വാമി ലക്ഷ്മണാനന്ദ' എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.
ന്യൂനപക്ഷത്തിനു നേർക്കു ശക്തമായ ആക്രമണം അരങ്ങേറിയിട്ടും എട്ടു വർഷത്തിനുള്ളിൽ ഒരു പത്രക്കുറിപ്പുപോലും പുറത്തിറക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയാറായിട്ടില്ല. കമ്മീഷന്റെ കന്ധമാൽ കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംഘപരിവാറിന്റെ പത്രക്കുറിപ്പു പോലെയാണ്. കന്ധമാലിൽ സ്വാമി കൊലചെയ്യപ്പെട്ട സംഭവത്തിൽ ജയിൽശിക്ഷ അനുവിക്കുന്നവർ നിരപരാധികളാണ്. സ്വാമിയെ കൊന്നവർ തന്നെ തെളിവുണ്ടാക്കി ക്രൈസ്തവരെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു. സ്വാമിയുടെ കൊലപാതകവുമായി സ്ഥലത്തെ ക്രൈസ്തവർക്കു യാതൊരു ബന്ധവുമില്ല. ആന്റോ പറഞ്ഞു.
ഭവനരഹിതരായ 56,000 പേർക്കു നഷ്ടപരിഹാരം നിഷേധിച്ചു കമ്മീഷനെ സംഘപരിവാറിന്റെ വക്താവാക്കി മാറ്റിയെന്നും കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ ആരോപിച്ചു. പുസ്തകത്തിലൂടെ കാണ്ഡമാലിൽ നടന്ന സംഭവത്തിന്റെ യാഥാർഥ്യങ്ങൾ തുറന്ന് കാട്ടുകയാണ് അദ്ദേഹം. രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കൊലപാതകമായിരുന്നു സ്വാമിയുടേതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ നടപ്പാക്കിയ കൊലപാതകത്തിന് രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും അവർ ഉപയോഗപ്പെടുത്തി. ഇന്ത്യ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച "ഹാർവെസ്റ്റ് ഓഫ് ഹെയ്റ്റ്'എന്ന പുസ്തകവും ബ്രണ്ണൻ പാർക്കറുടെ "ഒറീസ ഇൻ ദി ക്രോസ്ഫയർ' എന്ന പുസ്തകവും ക്രൈസ്തവരെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണു നടത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് കുമാർ ഡോവലിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് വിലാസത്തിൽനിന്നാണ് "ഹാർവെസ്റ്റ് ഓഫ് ഹെയ്റ്റ്'എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘപരിവാർ തെളിവുകൾ കെട്ടിച്ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ശക്തമായ തെളിവാണിത്. രണ്ടു പുസ്തകത്തിന്റെ രചയിതാക്കളും വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. ഇല്ലാത്ത മൈക്കിൾ പാർക്കറെയും ബ്രണ്ണൻ പാർക്കറെയും റാം മാധവിന്റെ നേതൃത്വത്തിൽ സൃഷ്ടിച്ചതിന് പിന്നിലെ ദുരൂഹത എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നതു സ്വാമിയുടെ കൊലപാതകത്തിലുള്ള സംഘപരിവാറിന്റെ പങ്കാണ്. കന്ധമാലിൽ സ്വാമിയുടെ കൊലപാതകത്തെത്തുടർന്നു നൂറോളം ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു. 300 പള്ളികളും ആറായിരം ഭവനങ്ങളും അഗ്നിക്കിരയായി. സ്വാമിയുടെ മൃതദേഹം വിലാപയാത്രയായി കുഗ്രാമങ്ങളിലൂടെ കൊണ്ടുനടന്നു ഹിന്ദുക്കളിൽ പ്രതികാരം ആളിക്കത്തിക്കുന്ന രീതിയായിരുന്നു അന്നു സംഘപരിവാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരപരാധികളായിട്ടും ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പുസ്തകം പ്രകാശനംചെയ്തു. കെ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മുഞ്ഞിനാട് പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ജീവപര്യന്തത്തിനു ജയിലിൽ കഴിയുന്ന ഏഴു നിരപരാധികളുടെ മോചനത്തിനുള്ള ഒപ്പു ശേഖരണത്തിനായി തയാറാക്കിയ മലയാളം വെബ്സൈറ്റിന്റെ സ്വിച്ച് ഓണ്‍ കർമം സുരേഷ് കുറുപ്പ് എംഎൽഎ നടത്തി.
നിരപരാധികളായ ക്രൈസ്തവരെ വെറുതേ വിടണമെന്നു ആവശ്യപ്പെട്ട് രാഷ്ട്രപതി, സുപ്രിം കോടതി ചീഫ് ജസ്റ്റീസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനു സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക