India - 2025

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും

സ്വന്തം ലേഖകന്‍ 23-02-2017 - Thursday

കൊച്ചി: മലയാറ്റൂര്‍ വിശുദ്ധ തോമാശ്ലീഹായുടെ ദേവാലയത്തിലെ വിശുദ്ധ വാരാഘോഷവുമായി ബന്ധപ്പെട്ട് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ തീരുമാനമായി. മലയാറ്റൂരിലെ വിവിധ ദേവാലയങ്ങളുടെ പ്രതിനിധികളുമായി ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ സിവില്‍ സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. നേര്‍ച്ച ഭക്ഷണ വിതരണത്തിനു ഡിസ്‌പോസിബിള്‍സ് ഒഴികെ പുനരുപയോഗ യോഗ്യമായ പാത്രങ്ങളില്‍ മാത്രം ഭക്ഷണ വിതരണം നടത്തും.

കുരിശുമുടിയിലേക്കുള്ള വഴിയിലെങ്ങും ശുദ്ധജല വിതരണത്തിന് വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ ഒഴിവാക്കി വെള്ളം സ്റ്റീല്‍ ഗ്ലാസ്സുകളില്‍ വിതരണം ചെയ്യും. ഇത്തരം ക്രമീകരണങ്ങള്‍ ഈ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് കുരിശുമുടി ദേവാലയത്തിലെ ഫാ. സേവ്യര്‍ തേലക്കാട്ട് പറഞ്ഞു.

പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കിയുള്ള മെഴുകുതിരികളുടെ വില്പന പ്രോത്സാഹിപ്പിക്കും. കുടിവെള്ള ബോട്ടിലുകള്‍ കൈവശം വയ്‌ക്കേണ്ടവരില്‍ നിന്ന് എന്‍ട്രന്‍സ് ഫീ ഈടാക്കും. ബോട്ടിലുകളില്‍ ഗ്രീന്‍ സോണ്‍ സ്റ്റിക്കര്‍ ഒട്ടിച്ച് അവ അകത്ത് കടത്താന്‍ അനുവാദം നല്‍കുകയും യാത്രാവസാനം ബോട്ടില്‍ തിരികെ എത്തിക്കുമ്പോള്‍ വാങ്ങിയ എന്‍ട്രന്‍സ് ഫീ തിരികെ നല്‍കുകയും ചെയ്യും. കുടിവെള്ളവും ചായയും വിതരണം ചെയ്യുന്നതില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകള്‍ എന്നിവ ഒഴിവാക്കും.

More Archives >>

Page 1 of 47