India - 2025
ഫാ. ടോം ബന്ദിയായിട്ട് നാളെ ഒരു വര്‍ഷം: കൊച്ചിയിലും മിഷ്ണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തും പ്രത്യേക പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 03-03-2017 - Friday
കൊച്ചി: ഫാ. ടോം ബന്ധിയാക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനമായ നാളെ കെസിബിസിയും സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സും സംയുക്തമായി കൊച്ചിയില്‍ വിപുലമായ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തും. വൈകീട്ട് 5 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
2016 മാര്‍ച്ച് 4ാം തിയതിയാണ്, ഭീകരർ യെമനിലെ ഏദൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്.
സിബിസിഐ പ്രസിഡണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ, കെസിബിസി പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി, എസ്‌ഡിബി ബാംഗ്ലൂര്‍ പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. ജോയ്സ് തോണികുഴിയില്‍, വൈദികര്‍, സന്യസ്ഥര്‍ എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കും.
യമനിലെ ഏദൻ കൂട്ടക്കൊലയുടെ ഒന്നാം വാർഷികദിനമായ നാളെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. കോല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ കബറിടം സ്ഥിതിചെയ്യുന്ന മഠം ചാപ്പലിൽ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം വൈകുന്നേരം വരെ സഭാംഗങ്ങൾ ഉപവസിച്ച് ആരാധന നടത്തും. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്യസ്ഥ ഭവനങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും.